Wednesday, August 6, 2008

കലികാലം

കേട്ടാലും ചില സത്യങ്ങള്‍ നമ്മള്
‍കേട്ടാലുള്ളിലുണ്ടായിടും ദുഃഖം
പൊട്ടുന്നുപലബോംബുകള്‍ നാട്ടില്
‍വെട്ടും കുത്തും നടക്കുന്നു റോട്ടില്
‍അച്ഛന്‍ മക്കളെവില്‍ക്കുന്നു വേറോ-
രച്ഛന്‍ മക്കളെ കൊല്ലുന്നു കഷ്ടം
എട്ടും പൊട്ടും തിരിയാതെയുള്ളോ-
രൊട്ടേറെച്ചെറു പൈതങ്ങളേയും
ദുഷ്ടന്മാരാകുമാളുകള്‍ തന്റെ-
യിഷ്ടത്തിന്നൊത്തുവേഷം കെട്ടിപ്പൂ.
കാശിന്നായിട്ടു ബന്ധുജനത്തെ
നാശം ചെയ്യുവാനേറെപ്പേരുണ്ടേ
ജാതിയും മതചിന്തകളൊക്കെ
മീതെക്കാണുന്നതിന്റെയും മേലെ
കാട്ടിക്കൂട്ടുന്നിതോരോരോ പേക്കൂ-
ത്തൊട്ടും നോക്കാതതിന്‍ പരിണാമം
അയ്യയ്യോയിതുകാണുവാനൊട്ടും
വയ്യല്ലോ കലികാലത്തിന്‍ രൗദ്രം

ക്രൂരത

കുട്ടല്ലൂരിലെ ചന്തയിലുള്ളൊരു
കുട്ടവിലാസം കാപ്പിക്ലബ്ബില്
‍പുട്ടും കടലയുമൊക്കെ ഭുജിച്ചി-
ട്ടൊട്ടേറെപ്പേര്‍ കുശലംചൊല്ലി-
ട്ടമ്പൊടിരിയ്ക്കും നേരത്തൊരുവന്
‍വമ്പന്‍ വാര്‍ത്തയൊരെണ്ണം ചൊല്ലി
പട്ടാമ്പീലൊരു ടാപിംഗ്കാരന്‍
കുട്ടികളേയും കെട്ട്യോളേയും
അവിഹിതബന്ധം കാരണമോതീ-
ട്ടവനിയില്‍ നിന്നും യാത്രയയച്ചു
കേട്ടാലും കൊല ചെയ്യും മുമ്പേ
കുട്ടികളൊന്നിനെ നിഷ്കാരുണ്യം
പുത്രിയതാണെന്നോര്‍ത്തീടാതെ
കുത്തിക്കീറി ചാരിത്ര്യത്തെ
കുട്ടികളേയും പതിവായിട്ടാ-
മുറ്റമടിയ്ക്കും മാതാവിനെയും
പലനാള്‍ കാണഞ്ഞയലത്തുള്ളോര്
‍പോലീസ്‌ സ്റ്റേഷനിലറിവുകൊടുത്തു
വീട്ടില്‍ക്കേറിപ്പരിശോധിച്ചാ-
നൊട്ടും ശങ്കിയ്ക്കാതെ ജനങ്ങള്
‍ചത്തുകിടപ്പുണ്ടവിടെക്കുട്ടിക-
ളിത്തിരി ദൂരത്തായി കമഴ്‌ന്നും
ഇത്തരമവിടെക്കണ്ടൊരു നേരം
ചിത്തത്തില്‍ ചില ശങ്കമുളച്ചു
മറ്റേ കുട്ടികള്‍ മാതാവിതുപോല്
‍ചത്തിട്ടുണ്ടാമെന്നു നിനച്ചു
തൊപ്പിധരിച്ചവര്‍ നാട്ടാരൊത്ത്‌
ചപ്പും ചവറും നീക്കിക്കൊണ്ട്‌
തപ്പിത്തപ്പി നടക്കും നേര-
ത്തപ്പോള്‍ കണ്ടു നടുങ്ങിപ്പോയി
പൊട്ടപ്പായയില്‍ മൃതദേഹങ്ങള്
‍കെട്ടിവരിഞ്ഞു കിടപ്പുണ്ടവിടെ
കുട്ടികള്‍ രണ്ടുണ്ടങ്ങിനെയായി-
ട്ടേറ്റം ചീഞ്ഞൊരവസ്ഥയിലായി
തപ്പി നടന്നവര്‍ കണ്ടുപിടിച്ചു
സെപ്റ്റിക്‌ ടാങ്കില്‍ ചീഞ്ഞ ശരീരം
നിത്യം കാണുന്നയല്‍പ്പക്കക്കാര്
‍കൃത്യം മാതാവെന്നു പറഞ്ഞു
പോലീസിന്നുടെ ചതുരതയാലെ
കൊലപാതകിയെയറസ്റ്റും ചെയ്തും
കേട്ടവര്‍ കേട്ടവര്‍ കാണാനെത്തി
ഞെട്ടിയ്ക്കുന്നീ കൊല ചെയ്തോനെ
കണ്ടതിശയമായ്‌ വന്നു ജനത്തി-
ന്നുണ്ടായേറെ ക്രോധം കഠിനം
നിഷ്ഠുരമായി കുട്ടികളേയും
ദുഷ്ടന്‍ കൊന്നാന്‍ പ്രിയതമയേയും
കേട്ടുകഴിഞ്ഞാല്‍ ദുഃഖം തോന്നും
ഒട്ടും ദയയിവനേകരുതാരും
കാലം മോശം കാണുന്നീവിധ
കോലാഹലവും നമ്മുടെ നാട്ടില്
‍കാമം ക്രോധം മദ മാത്സര്യം
ഭൂമിയിലിന്നു നിറഞ്ഞുകഴിഞ്ഞു
കുറയുന്നിവിടെ സ്നേഹത്തിന്‍ ബല-
മറിയൂ തിന്മകളേറീടുന്നു.

Saturday, August 2, 2008

ഊരകത്തമ്മതിരുവടി

പൂമുള്ളിത്തിരുമേനിപണ്ടുഭജനം ചെയ്തപ്പൊളാമോദമായ്‌
കാമാക്ഷീയവിടുന്നു പോന്നു കുടയില്‍ ഭക്തന്റെ പുണ്യത്തിനാല്
ചെമ്മേ നല്‍ക്കുടപോലെ കാക്കുക സദാ കാര്‍ത്ത്യായനീയൂരക-
ത്തമ്മേ താപമകറ്റി നീ ഭഗവതീ ശ്രീ രാജരാജേശ്വരീ

Friday, July 18, 2008

പ്രാര്‍ത്ഥന

ഇന്നുകാണുന്നവസ്ഥയില്‍നിന്നുനാ-
മുന്നതിയിലേയ്ക്കെത്തുവാനായിട്ട്‌
താമസത്തിനുകാരണമീശനെ
നാമമാത്രമായോര്‍ക്കുകമൂലമാം
ദുഃഖമാലസ്യമുല്‍കണ്ഠസൂയവൈ-
രാഗ്യമൊക്കെയുണ്ടെല്ലാമനുജനും
ഇത്തരത്തിലുണ്ടാകും കുറവുകള്
‍മാറ്റിപുണ്യങ്ങളെത്രയും നേടുവാന്
‍പറ്റുമൗഷധമാണിന്നു പ്രാര്‍ത്ഥന
മറ്റുമാര്‍ഗ്ഗങ്ങളിത്രയും നല്‍കിടാ
ജീവിതമതെന്തെന്നാല്‍ പരമമാം
നിര്‍വൃതിയിലേയ്ക്കുള്ള മടക്കമാം
യാത്രവേറൊരു രീതിയിലാക്കുവാന്‍
സാദ്ധ്യമല്ല പ്രപഞ്ചത്തിലൊന്നിനും
ഈശ്വരീയമാമേതു വഴിയിലു-
മാശ്വസിയ്ക്കുവാനുള്ളതു പ്രാര്‍ത്ഥന
ശക്തമാകിയോരര്‍ത്ഥനയിച്ഛതന്‍-
ശക്തിയുമാണു പ്രാര്‍ത്ഥനയ്ക്കര്‍ത്ഥവും
ശാന്തമായിട്ടു ഘട്ടങ്ങളായിട്ടു-
മുന്നതിയിലേയ്ക്കെത്തുവാനേവരും
ശ്രദ്ധയോടെ നടത്തുന്നവിരാമ-
കൃത്യമാകുന്നു പ്രാര്‍ത്ഥനയെന്നത്‌
ദേവനേശുവും കൃഷ്ണനള്ളാഹുവുമാ-
ദിവ്യതയിലേയ്ക്കേവനേയും സദാ
എത്തുവാനായൊരൂര്‍ജ്ജം പകരുന്ന
സത്യമാകിയ സ്രോതസ്സു നിശ്ചയം
നിത്യതയെപ്പുണരുവാന്‍ നിങ്ങളു-
മൊത്തുകൂടുവില്‍ പ്രാര്‍ത്ഥന ചെയ്യുവിന്‍

Tuesday, July 15, 2008

ദൈവനിശ്ചയം

നോവായിരുന്നുപലനാളിലുമെങ്കിലും ഭ്രാ-
താവിന്റെ ജീവനെ കുറച്ചു പിടിച്ചു നിര്‍ത്താന്
‍ആവുന്നപോംവഴികളൊക്കെ തിരഞ്ഞുനോക്കി
ദൈവം മറിച്ചു കരുതീ നരനെന്തു ചെയ്യാന്‍

അകാലത്തില്‍ ഞങ്ങളെയൊക്കെ വിട്ടുപോയ എന്റെ പ്രിയപ്പെട്ട ജ്യേഷ്ഠന് ഈ ശ്ലോകം സമര്‍പ്പിയ്ക്കുന്നു.

കണ്ണാ - ഗുരുവായൂരപ്പാ

പാരിന്റെ ദുഃഖം കളയുവാനായിട്ടു
പാരിലവതരിച്ചോരു കണ്ണന്
‍ഗോകുലബാലനായ്‌ നന്ദസുതനായി
ഗോക്കളെമേച്ചു നടന്ന കണ്ണന്‍
ക്രൂരനാം കംസന്റെ ഭൃത്യര്‍ക്കുമോക്ഷവും
പാരാതെനല്‍കിക്കനിഞ്ഞ കണ്ണന്
‍കാളിന്ദിതന്നില്‍ വസിച്ചോരു ഘോരനാം
കാളിയ ദര്‍പ്പം കളഞ്ഞ കണ്ണന്
‍വെണ്ണയും പാലും കവര്‍ന്നു ഭുജിച്ചിട്ടൊ-
രുണ്ണികള്‍ക്കൊപ്പം കളിച്ച കണ്ണന്
‍വെണ്ണലഭിയ്ക്കുവാന്‍ കൊഞ്ചിക്കുഴഞ്ഞിടും
കണ്ണിനു കണ്ണായൊരുണ്ണിക്കണ്ണന്
‍രാധയും ഗോപികമാരുമൊരുമിച്ച്‌
മോദമായ്‌ ക്രീഡകള്‍ ചെയ്ത കണ്ണന്
‍താതനും മാതാവുമാഗ്രഹിച്ചപ്പൊഴാ-
പ്പുത്രരെ കാട്ടിക്കൊടുത്ത കണ്ണന്‍
രുഗ്മിണിസത്യഭാമാദിയായുള്ളൊരു
മുഗ്ധാനനമാരെ വേട്ട കണ്ണന്
‍വീരനാം പാര്‍ത്ഥനു യുദ്ധം ജയിയ്ക്കുവാന്
‍തേരാളിയായിട്ടു നിന്ന കണ്ണന്
‍ഭക്തരിലുത്തമന്‍ പൂന്താനവിപ്രനു
മുക്തികൊടുത്തുകനിഞ്ഞ കണ്ണന്
‍വാതരോഗത്തിന്നൊരൗഷധം നല്‍കിയ
വാതാലയേശ്വരനായ കണ്ണന്
‍എന്നും മനതാരിലോടിക്കളിയ്ക്കുന്ന
പന്നഗശായിയാമെന്റെ കണ്ണന്
‍ദണ്ണങ്ങളൊക്കെയകറ്റികൃപാരസം
കണ്ണാ! കനിഞ്ഞെന്നിലേകിടേണം
തീരാത്തദുഃഖത്തിലാണ്ടിടുമെന്നെനീ
കാരുണ്യമേകിയനുഗ്രഹിയ്ക്കു.

നാരായണ നാരായണ നാരായണ

Monday, July 14, 2008

മനുഷ്യത്വം

ജീവിതസാഹചര്യങ്ങള്‍തന്‍ ഹേതുവാ-
യേവനുമാഗ്രഹപൂര്‍ത്തിലഭിയ്ക്കുവാന്
‍ആശിച്ചരീതിയില്‍ മുന്നോട്ടുപോയിടാന്‍
ക്ലേശമുണ്ടായിടാമെന്നു ധരിയ്ക്ക നാം

എന്നതുകൊണ്ടുനാമാകെത്തളരാതെ
മുന്നേറുക, താറുമാറാക്കിടാതിനി
ഏതുപ്രതികൂലസാഹചര്യത്തിലും
ഏതിനും നന്നായ്‌ കൊടുക്കണം ശ്രദ്ധയും

ഇങ്ങിനെ വേണ്ടതുപോലെച്ചരിയ്ക്കുകില്
‍മങ്ങാതെയന്തസ്സു മാന്യതയെന്നിവ
നഷ്ടം വരുത്താതെ നമ്മുടെ ജീവിതം
കഷ്ടപ്പെടാതെപ്പടുത്തുയര്‍ത്താം ദൃഢം

മാനവരേതുനിലയിലാണെങ്കിലും
മാന്യരായ്‌ കാണുവാനോര്‍ക്കണമേവരും
അങ്ങിനെച്ചെയ്യുകില്‍ നാമറിയാതെയായ്‌
തിങ്ങും മനുഷ്യത്വമുള്ളിലെല്ലായ്പ്പൊഴും

അംഗീകരിയ്ക്കണമാദരിച്ചീടണം
ഭംഗിവാക്കല്ലാതെ നന്മയുള്‍ക്കൊള്ളണം
ഈവിധമായി പ്രവര്‍ത്തനം ചെയ്യണം
നോവാതെകണ്ടുനന്നായ്പ്പെരുമാറണം

Wednesday, June 25, 2008

ഒരു ക്ഷണക്കത്ത്

വെള്ളപൂശിപ്പുതുക്കിയഷാപ്പിലെ-
ക്കള്ളുമോന്തിയ സര്‍വ്വകുടിയരും
ഒത്തുകൂടാനൊരുങ്ങുകയായിതാ
പുത്തനാമൊരുവര്‍ഷപ്പുലരിയില്

‍പണ്ടുകാലത്തു നിത്യമിവിടന്നു
മുണ്ടുമൂടിപ്പുതച്ചുകുടിച്ചവര്
‍വേലചെയ്തുദിനവും കുടിച്ചിട്ടു
കാലമാകാതെ ദേഹം വെടിഞ്ഞവര്

‍അക്കുടിയര്‍തന്‍ പേരിലായ്‌ തീര്‍ത്തതാ-
മിക്കടയുടെയുദ്ഘാടനമതും
അന്നുതന്നെ നടത്തുവാനാവുകില്‍
നന്നിതെന്നുനിനച്ചു ഞാന്‍ കൂട്ടരേ

കുറ്റമേറെയുണ്ടെങ്കിലും പണ്ടത്തെ
പറ്റുകാരനാണെന്ന നിലയിലായ്‌
നിങ്ങള്‍തന്‍ മഹനീയമാം സാന്നിദ്ധ്യ-
മിങ്ങുനല്‍കുവാന്‍ സാദരമോര്‍ക്കണം

ഇല്ലൊരുകുപ്പികള്ളുമോന്തീടുവാന്‍
തെല്ലുപോലും വക ചിലര്‍ക്കെങ്കിലും
വേണ്ടപോലെയവരെസ്സഹായിയ്ക്കാന്‍
കണ്ടു ഞാനീയവസരം നല്ലതായ്‌

പറ്റുതീര്‍ക്കണം പണ്ടത്തെയൊക്കെ കൈ-
പ്പറ്റിടേണം രസീതുകള്‍ കൂട്ടരേ
ഷാപ്പുടമയാം ഗോവിന്ദനെന്ന ഞാന്
‍ഒപ്പുവച്ചിതാശംസകള്‍ നേരുന്നു

യേശുദാസ്

അക്ഷരസ്ഫുടതയോടുകൂടിയും
രാഗതാളലയഭാവമോടെയും
പാട്ടനേകമതുപാടിമേവിടും
യേശുദാസുവിജയിച്ചുവാഴുക

Monday, June 23, 2008

ഈശ്വരോ രക്ഷതു........

വനത്തിനുള്ളിയാവതരിച്ചൊരു
ഹരിഹരപുത്രന്‍ തുണച്ചിടേണമേ
വിരിഞ്ചപത്നിയാം സരസ്വതിദേവി
വസിച്ചിടേണമെന്‍ മനസ്സിലെപ്പൊഴും

വിനകളൊക്കെയുമകറ്റി സദ്ഗതി
കനിഞ്ഞു നല്‍കണേ വിനായക സദാ
ഉമയ്ക്കുനാഥനാം ശിവന്റെ കാലിലായ്‌
നമിച്ചിടുന്നു ഞാന്‍ അഘങ്ങളറ്റിടാന്

ഗുരുപദാംബുജേ നമസ്കരിപ്പു സല്‍-
ക്കരങ്ങളെന്നുടെ തലയില്‍ വയ്ക്കണേ
മരുത്പുരാധീശ കടാക്ഷമേകണേ
മരിയ്ക്കുവോളമെന്‍ മനത്തില്‍ വാഴണേ

മറക്കരുതേ...........

താരങ്ങള്‍ ചന്ദനം ചാര്‍ത്തിയ രാത്രിത-
ന്നാലസ്യമേറ്റു കിടക്കുന്ന വേളയില്
ഞാനൊരു സ്വപ്നരഥത്തില്‍ക്കയറി നിന്‍---
ച്ചാരത്തു വന്നണഞ്ഞെന്നതു കണ്ടുവോ

ദൂരെയാകാശച്ചെരുവില്‍ നിലാവിനാല്
കാന്തിപരത്തുന്ന ചന്ദ്രനെപ്പോലവെ
പുഞ്ചിരിയോടെന്നെ രണ്ടുകൈനീട്ടി നീ-
യെന്നെവരവേല്‍ക്കുമെന്നു നിനച്ചു ഞാന്

കാലത്തെ സാക്ഷിയായ്‌ നമ്മള്‍ പടുത്തൊരു
ബന്ധമാം നല്ല പനിനീര്‍ച്ചെടിയ്ക്കിതാ
നീറും മറവിതന്‍ മാരകമായിടും
പൊട്ടപ്പുഴുക്കുത്തു വീണെന്നു നിശ്ചയം

വീണുകൊഴിയുമാ റോസതന്‍ പൂവിന്റെ
നോവുമായ്‌ നിന്നോടു കെഞ്ചിടുന്നിന്നു ഞാന്
നേരിട്ടു കാണുന്ന വേളയിലൊന്നിലും
തീരെത്തഴയാതെയോര്‍ക്കാന്‍ ശ്രമിയ്ക്കണേ

Saturday, June 21, 2008

ആ കാലം ഇനിയും വരുമോ

സന്ധ്യാസമയത്തു ഭദ്രദീപം തെളി-
ച്ചുച്ചത്തില്‍ നാമ ജപിയ്ക്കുന്ന കുട്ടികള്
ഭക്തിയോടെന്നും കഥ പറയുന്നൊരു
മുത്തശ്ശിയെയും വണങ്ങുന്ന കുട്ടികള്

എന്നുടെ ബാല്യത്തിലുണ്ടായിരുന്നിവ-
യെന്തൊരു ശാന്തതയായിരുന്നാ ദിനം
മുത്തശ്ശി ചൊല്ലും കഥ കേള്‍ക്കുവാനായി
നിത്യവും ചെന്നു മടിയിലിരുന്നു ഞാന്

ഇന്നത്തെ കുട്ടികള്‍, മാതാപിതാക്കളും
സന്ധ്യയ്ക്കു ടീവിതന്‍ മുന്നിലായല്ലയോ
മന്ത്രങ്ങള്‍ കേള്‍ക്കുവാന്‍ കുട്ടികള്‍ക്കിന്നൊരു
ഇന്റര്‍നെറ്റെന്നൊരു സൂത്രം മതിയെഡോ

ശാസ്ത്രം വളര്‍ന്നതു ഹേതുവാണോ ജന-
ക്കൂട്ടത്തിനിന്നു സമയമില്ലാത്തതോ
പണ്ടുനാം കണ്ടതാമാചാരമൊക്കെയും
വീണ്ടുമൊരുകുറി കാണുവാനാകുമോ

Friday, June 20, 2008

ഇന്നത്തെ ചിന്താവിഷയം

മാക്ടാപിളര്‍ന്നു പിരിഞ്ഞുപോയേറെപേര്‍
കൂട്ടായ്മയില്ലാതെയായെന്നു നിശ്ചയം
വേണുതിലകനെന്നുള്ളാമഹാരഥര് 
കാണുന്നു തമ്മില്‍ക്കലഹിച്ചുനില്‍പ്പതും

രാഷ്ട്രീയമാണെങ്കിലേറെക്കടുത്തതായ്‌
കഷ്ടത്തിലായതു പാവം ജനങ്ങളും
ഇഷ്ടത്തിനൊത്തു ഭരിയ്ക്കുന്നു മന്ത്രിമാര്‍
ദുഷ്ടത്തരത്തിന്നറുതിയില്ലാതെയായ്‌

സ്വാമിമാര്‍ ദുര്‍മ്മന്ത്രവാദികള്‍ ദൈവീക-
വേഷം ധരിച്ചുനടപ്പവര്‍ കൂടുതല്
തട്ടിപ്പു ദുഷ്ടത്തരങ്ങളാല്‍ജ്ജീവിതം
കെട്ടിപ്പടുക്കുന്ന കാഴ്ചകാണാം

ഹര്‍ത്താല്‍പ്പണിമുടക്കെന്നിവയായിട്ടു
പേര്‍ത്തും വലഞ്ഞു ജനങ്ങളെന്നും
ആഹാരസാധനമിന്ധനം നാണ്യവും
ഓഹരിയ്ക്കെല്ലാം വിലക്കയറ്റം

എങ്ങിനെയീവിധം മുന്നോട്ടുപോയിടും
മുങ്ങിക്കുളിച്ചുകപടത്തരങ്ങളില്
ഈശ്വരന്‍തന്നുടെ നാടെന്ന പേരിനെ
മോശമാക്കീടിനാന്‍ നാട്ടുകാര്‍, കഷ്ടമായ്‌

Tuesday, June 3, 2008

സ്വയം വിധി

സ്വര്‍ഗ്ഗകവാടത്തിന്‍ മുന്നിലായ്‌ ചെന്ന-
പ്പോളന്തിച്ചു ഞാനന്നു നിന്നുപോയി
ഭംഗികൊണ്ടല്ലതിന്‍ മേന്മകൊണ്ട-
ല്ലതിന്‍ രൂപം നിറമതുകൊണ്ടുമല്ല

കണ്ടു ഞാനാവോളമാളുകള്‍ മുന്നിലായ്‌
നില്‍പതു കണ്ടെന്റെ കണ്ണുതള്ളി
ഗുണ്ടകള്‍, തെണ്ടികള്‍, കള്ളുകുടിയരും
കട്ടവര്‍, നല്ലനുണയരേയും

ഇങ്ങനെയല്ല പ്രതീക്ഷിച്ചിരുന്ന-
തിക്കൂട്ടര്‍ നരകത്തിലാവുമെന്നും
വേദന തിന്നു സഹിയ്ക്കാതെ വന്നവര്
വാവിട്ടു കേഴുന്ന കാഴ്ചയാണ്‌

ശങ്കയാല്‍ ചോദിച്ചു ദൈവത്തിനോടു ഞാ-
നെന്താണിതിന്റെ പൊരുളറിയാന്
ഇത്രയും തെറ്റുകാരെങ്ങിനെ വന്നെത്തി
തെറ്റുപിണഞ്ഞിതോ ദൈവത്തിനും

മൂകരായെന്തേയിരിപ്പിതു സര്‍വ്വരും
ആശ്വാസവാക്കൊന്നുമോതിടാതെ
കുട്ടിപറഞ്ഞവര്‍ ഞെട്ടിയിരിപ്പാണു-
ഒട്ടും പ്രതീക്ഷിച്ചിതില്ല നിന്നെ

Sunday, June 1, 2008

സമസ്യാപൂരണങ്ങള്‍

കണ്ണന്റെ ലീലകളനേകമെനിയ്ക്കുനിത്യം
കര്‍ണ്ണത്തിലെത്തുവതിനായ്‌ കൃപ ചെയ്തിടേണം
കൈവല്യമാര്‍ന്നു തവ തൃപ്പദമെത്തിടാനായ്‌
കാരുണ്യവാരിധി മുരാന്തക കൈതൊഴുന്നേന്‍

താരുണ്യകാലമതില്‍ നിന്നുടെ നാമമൊന്നും
നേരോടെയോതിടുവതിന്നു കഴിഞ്ഞതില്ല
നേരായമാര്‍ഗ്ഗമതിലൂടെനയിയ്ക്കയെന്നും
കാരുണ്യവാരിധി മുരാന്തക കൈതൊഴുന്നേൻ

ആരുണ്ടിതെന്നഴലകറ്റി സുഖംതരാനാ-
യാരുണ്ട് വേദനശമിപ്പതിനാശ്രയിപ്പാൻ
ഈരേഴുപാരിനുമൊരേയൊരു നാഥനാകും
കാരുണ്യവാരിധി മുരാന്തക കൈതൊഴുന്നേൻ


പാരം തളർന്നു വലയുന്നൊരു നേരമെന്നിൽ
പാരാതെ നിൻ കരുണയാർന്നൊരു നോട്ടമേകൂ
ചോരാത്തഭക്തിയുമെനിയ്ക്കു കനിഞ്ഞുനൽകൂ
കാരുണ്യവാരിധിമുരാന്തക കൈതൊഴുന്നേൻ


ദുഷ്ടരാം ചില മനുഷ്യര്‍ സാധുത-
ന്നിഷ്ടവേഷവുമണിഞ്ഞു വാഴുവോര്‍
കഷ്ടമാണറിക നാട്ടിലിത്തരം
സൃഷ്ടികള്‍ക്കു കുറവില്ല ദൈവമേ

പത്രം തുറന്നാലതിനുള്ളിലുണ്ടാം
നിത്യം നടക്കുന്ന മനുഷ്യഹത്യ
സത്യം പറഞ്ഞാലിവര്‍ ചെയ്തിടുന്നീ-
കൃത്യം തുടര്‍ന്നാല്‍ ഗതിയെന്തു

പിന്നെ കള്ളും കുടിച്ചു വഴിവക്കുകളില്‍ക്കിടക്കും
തല്ലും കുടുംബമതിലുള്ളൊരു ഭാര്യയേയും
വല്ലാത്ത ദോഷമിതു മദ്യമകത്തുചെന്നാല്
തല്ലാണു നല്ലവഴിയെന്നതു തീര്‍ച്ചയല്ലേ

വല്ലാത്ത ശുണ്ഠി, വികടത്തരമേറെയുള്ള
മല്ലാക്ഷി ഗേഹമതിലെന്നുമവന്റെ വാസം
ഇല്ലത്തെ വേളിയെമറന്നു വസിച്ചിടുമ്പോള്‍
തല്ലാണു നല്ല വഴിയെന്നതു തീര്‍ച്ചയല്ലേ?

തകര്‍ന്നുപോയി നന്മയെന്ന വാക്കിനുള്ളൊരര്‍ത്ഥവും
പകുത്തെടുത്തു കൂട്ടരിന്നു നേടിവെച്ചതൊക്കെയും
വികാസമെന്നപേരിലീ മനുഷ്യരെത്രെ മാറിയി-
ന്നകന്നുപോയിടുന്നു മിത്രബന്ധവും സുഖങ്ങളും

പറയുവാനെളുതല്ല വിശേഷമാം
മുറയിലെത്തിയ നല്ല പുലിക്കളി
നിറയെ വീഥിയിലാടിയുമങ്ങനെ
നിറമണിഞ്ഞു നിരന്നു വരുന്നു ഹാ

Saturday, May 31, 2008

ഞെരൂരപ്പന്‍ സഹായം

പരമഗുണദയാബ്ധേ ശ്രീ ഞെരൂരപ്പ നിത്യം
കരുണയരുളുവാനായ്‌ കൂപ്പിടുന്നേന്‍ മുരാരേ
ചരണയുഗളമാണെന്‍ രക്ഷ മറ്റൊന്നുമില്ലാ
തരണമിവനു വേഗാല്‍ തേവരേ മോക്ഷമാർഗ്ഗം

വിനകളൊഴിയുവാനായ്‌ തേങ്ങയൊട്ടേറെയേകാം
മനസി കരുതിടേണം സന്തതം വിഘ്നഹാരീ
വിനയമൊടുതൊഴുന്നേൻ ദോഷമെല്ലാമകറ്റി-
ക്കനിയണമിനിയെന്നും ശ്രീഗണേശാ നമസ്തെ

ഹരിഹരസുതനാകും ധർമ്മ ശാസ്താവിനും ഞാ-
നിരുകരമതു കൂപ്പാം പാപമെല്ലാമൊഴിയ്ക്കാൻ
അരുമൊയൊടു ശിരസ്സിൽ കൈകൾ വെച്ചെന്നുമെന്നും
ശരണവുമതിമോദാല്‍ ബുദ്ധിയും നല്കിടേണം

അഗതികളെ നിതാന്തം സ്നേഹവായ്പാല്‍ കനിഞ്ഞും
ഭഗവതിവിലസുന്നൂ പശ്ചിമേ ദിക്കുനോക്കി
സകലദുരിതജാലം തീർക്കുകെന്‍ ഭദ്രകാളീ
വിഗുണഹൃദയരാകും ഞങ്ങളെക്കൈവിടൊല്ലേ

എന്റെ ഇല്ലത്തിനടുത്തുള്ള ഞെരൂക്കാവ് അമ്പലത്തിലെ മൂര്‍ത്തികളെക്കുറിച്ചാണ് ഇത്. പ്രധാന പ്രതിഷ്ഠ വിഷ്ണുവാണ്. ശാസ്താവ്, ഗണപതി, ഭദ്രകാളി എന്നീ ഉപപ്രതിഷ്ഠകളും ഉണ്ട്. ഭദ്രകാളിയുടെ പ്രതിഷ്ഠ തെക്കെ ചുറ്റമ്പലത്തിന്റെ പടിഞ്ഞാറുവശത്ത്, പടിഞ്ഞാട്ട് ദര്‍ശനമായിട്ടാണ്.

വണ്ടീ വണ്ടീ

ആള്‍ട്ടോ സ്കോര്‍പ്പിയൊ വെര്‍ണ ഹോണ്ട വലുതാം ക്വാളീസുമൊക്ടാവിയ
പുണ്ടോ സ്വിഫ്റ്റു കൊറോള മാരുതി സുമോ ഇന്‍ഡിക്കയിന്‍ഡീഗൊയും
ഒട്ടേറെശ്ശകടങ്ങള്‍ കേരളമതില്‍ കാണുന്നതുണ്ടെങ്കിലും
കിട്ടില്ലമ്പസിഡര്‍ക്കു തുല്യസുഖവും കുണ്ടുള്ളൊരിപ്പാതയില്‍

സാമ്പാര്‍

പരിപ്പു വേവിച്ചതില്‍ വെണ്ട മത്തന്‍
അരിഞ്ഞതും തെല്ലു പുളിഞ്ഞയുപ്പും
അരപ്പു ചേര്‍ത്തിട്ടു തിളച്ചശേഷം
വറുത്തുമിട്ടാല്‍ റഡിയായി സാമ്പാര്‍

മ്യാന്മാറിലെ ദുരന്തം

പണ്ടത്തെ ബര്‍മ്മ കരയുന്നു നടുക്കമോടെ
ഉണ്ടായി നഷ്ടമതു നര്‍ഗ്ഗിസുമൂലമത്രെ
പണ്ടാസ്സുനാമിയിതുപോലൊരു നൃത്തമാടി-
ട്ടുണ്ടാക്കിവെച്ചുകദനങ്ങളിതേവിധത്തില്‍

ശ്രീ കൃഷ്ണാ ശരണം

കഴിഞ്ഞകാലമൊക്കെയും ഭവല്‍പ്രസാദമൊന്നിനായ്‌ 

കഴിച്ചുകൂട്ടിയമ്പലത്തിലേറെനാള്‍ ഭജിച്ചു ഞാന്‍ 

മുഴുത്തൊരീ വ്യധയ്ക്കു നല്ലൊരൗഷധങ്ങളേകി നേര്‍- 

വഴിയ്ക്കു നീ നയിയ്ക്കണേ മടിച്ചിടാതെ മാധവ 

ഭക്തര്‍ക്കാനന്ദമേകും ഗുരുപവനപുരേശന്റെ പാദാരവിന്ദം ഭക്ത്യാ നിത്യം നമിപ്പൂ ദുരിതമഖിലവും തീര്‍ക്കുകെന്‍ ഭക്തദാസാ ഒട്ടേറെച്ചെയ്തുപോയോരടിയനുടെ സമസ്താപരാധം പൊറുത്തി- ട്ടെപ്പോഴും കാത്തിടേണം കഴലിണ സതതം കൂപ്പിടുന്നേന്‍ മുരാരേ 

ഇന്ദ്രനീലനിറമൊത്ത മേനിയും സുന്ദരോത്തരമുഖാരവിന്ദവും കണ്‍കുളിര്‍ക്കെയടിയന്നു നിത്യവും കാണ്മതിന്നുവരമേകണേ ഹരേ

 ഖേദങ്ങളൊക്കെയുമകറ്റി കൃപാരസം നീ- യേകീടുകെന്‍ നളിനലോചന പത്മനാഭാ ഈ സാധുതന്‍ ഹൃദയമാം നവനീതമിന്നി- ത്തൃപ്പാദപത്മമതില്‍ വച്ചു വണങ്ങിടുന്നേന്‍

പിഷാരിക്കല്‍ ഭഗവതി

ഭക്ത്യാ പൂജിച്ചു വാണൂ തവപദകമലം ഞാനുമൊട്ടേറെകാലം
കത്തും ദാരിദ്ര്യമെല്ലാം പരിചൊടെയകലാന്‍ കാരണം ദേവിയല്ലോ
ഹൃത്തില്‍ നിന്‍രൂപമെന്നും പതിയണമതിനായ്‌ നല്‍കണം നിന്‍ കടാക്ഷം
നിത്യം ഷാരിക്കലമ്മേ കരുണചൊരിയുവാന്‍ ഓര്‍ത്തിടേണം വിഷാരി

ഭക്ത്യാപൂജിച്ചു ദേവീ തവപദമിവനൊട്ടന്നു വല്ലാതെനീറി-

ക്കത്തുംദാരിദ്ര്യമാറ്റീ ഭവഭയവിഷമാറ്റുന്നതിന്നാരുവേറെ ;
ഉത്തുംഗശ്രീവിലാസപ്രചുരിതതവമന്ദസ്മിതപ്പൂക്കളല്‍പ്പം
നിത്യം പൂക്കട്ടെയെന്നില്‍ കനിയണമതിനെന്‍ ശ്രീപിഷാരിക്കലമ്മേ !!


അമ്മേ ദേവീ തവതിരുമിഴിക്കോണിനാലൊന്നു നോക്കിൽ

ച്ചെമ്മേ തീരും ദുരിതമതിനായ് കൈകൾകൂപ്പുന്നു തായേ
ഇമ്മട്ടെന്നും കരുണചൊരിയൂ കൈവിടാതെന്നിലെന്നും
സമ്മോദം പൂണ്ടരുളുകവരം ശ്രീ പിഷാരിയ്ക്കലമ്മേ


(ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിയ്ക്കുമ്പോള്‍ തൊട്ട് ഒരുപാട് കാലം പൂജ ചെയ്ത ഒരു അമ്പലമാണ് പിഷാരിക്കല്‍ ദേവീക്ഷേത്രം. കാഞ്ചീപുരത്തുനിന്നാണ് ദേവി ഇവിടെ എഴുന്നള്ളി ദര്‍ശനം തരുന്നതെന്നാണ് കേട്ടിരിയ്ക്കുന്നത്. തൃശ്ശൂര്‍ ജില്ലയില്‍ വല്ലച്ചിറ പഞ്ചാ‍യത്തില്‍ കടലാശ്ശേരി എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദുര്‍ഗ്ഗാഭഗവതിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ഊരകം അമ്മതിരുവടിയുടെ ജ്യേഷ്ഠത്തിയാണെന്ന് പറയപ്പെടുന്നു. വിഷഹാരിയാണ് ദേവി. ഇവിടുത്തെ പ്രസാദം (മഞ്ഞള്‍പ്പൊടിയാണ്) തീര്‍ത്ഥവും ചേര്‍ത്ത് സേവിച്ചാല്‍ എല്ലാ വിഷത്തിനും പരിഹാരമാണെന്ന് വിശ്വസിച്ചുപോരുന്നു.)

വടക്കുംനാഥ സര്‍വ്വം നടത്തും നാഥ

ഹരഹര കരുണാബ്ധേ തൃശ്വപേരൂർ വിളങ്ങും
ഗിരിമകള്‍ രമണാ നിന്‍ പാദപദ്മം തൊഴുന്നേൻ
‍ശരണമിവനു നീയേ ശ്രീമഹാദേവ ശംഭോ
തരണമൊടുവില്‍ മോക്ഷം കൈവിടൊല്ലെന്നെ ദേവ

മൂകാംബിക

അമ്മേ കൊല്ലൂര്‍ പിരാട്ടീ തവമുഖകമലം കാണുവാന്‍ സാദ്ധ്യമായി-
ല്ലെന്തേ വൈകിച്ചിടുന്നൂ കരുണയരുളുവാന്‍ കാലമായില്ലയെന്നോ
ഉണ്ടേ മോഹം മനസ്സില്‍ ഒരുകുറിയരികത്തെത്തി വന്ദിച്ചിടാനാ-
യമ്മേ മൂകാംബികേ നീ കനിയണമതിനായ്‌ തൃപ്പദം കുമ്പിടുന്നേന്‍


മൂകാംബിക ക്ഷേത്രത്തില്‍ ഇതുവരെ പോകാന്‍ കഴിഞ്ഞിട്ടില്ല. ദേവീ ദര്‍ശനത്തിന് സമയമായില്ലെന്ന് തോന്നുന്നു.

ശ്രീ ഗണേശായ നമഃ

പ്രാരാബ്ധങ്ങളൊഴിഞ്ഞിടാനൊരുശതം തേങ്ങാ നിവേദിച്ചു ഞാന്
‍നേരോടേത്തമനേകമിട്ടു ഭജനം ചെയ്യുന്നു വിഘ്നേശ്വരാ
ഓരോരോ കദനങ്ങളാലനുദിനം നീറുന്നൊരീയേഴയെ-
ക്കാരുണ്യത്തൊടു വന്നു തുമ്പിതലയില്‍ വെച്ചിട്ടു കാത്തീടണം

Wednesday, April 9, 2008

ഒഴികഴിവുകള്‍

കാര്യങ്ങള്‍ ചെയ്‌വാന്‍ മടി തോന്നിടുമ്പോള്
‍കാണുന്നു മര്‍ത്യന്‍ പല കാരണങ്ങള്
‍കഷ്ടം വെറും മോഹനചിന്തമാത്രം
കിട്ടീടുകില്ലാത്മസുഖം ധരിയ്ക്ക

ആത്മാഭിമാനം തരി തീണ്ടിടാത്ത
മാലോകരീരീതി തെരഞ്ഞെടുപ്പൂ
തന്റേടവും നിഷ്ഠയുമുള്ള കൂട്ടര്
‍ചെയ്യേണ്ട കാര്യങ്ങള്‍ മുറയ്ക്കു ചെയ്യും

ചെയ്യുന്ന കാര്യത്തിലവര്‍ക്കു തെല്ലും
തെറ്റില്ലയെന്നുള്ള വിവക്ഷയില്ല
തെറ്റെന്നു തോന്നുന്നതു നേരെയാക്കാന്
‍ഒട്ടും മടിച്ചീടുകയില്ല നൂനം

പരാജയം നേരിടുമെന്നുവന്നാല്
‍പറഞ്ഞിടാന്‍ ന്യായമനേകമുണ്ടാം
പലപ്പൊഴും തെറ്റുകള്‍ പറ്റിയാലും
പുറത്തുചൊല്ലുന്നതു വേറെയാവും

പാളിച്ചയില്ലാത്തൊരു കര്‍മ്മമെല്ലാം
പാരാതെ ചെയ്തീടുകയല്ലെ നല്ലൂ
ന്യായീകരിച്ചുള്ളൊരു വാര്‍ത്തയെല്ലാം
നേരേ പുറത്തേയ്ക്കു കളഞ്ഞുകൊള്ളു

ചെയ്യേണ്ട കാര്യങ്ങള്‍ മടിച്ചിടാതെ
ചെയ്തീടുവിന്‍ ശ്രദ്ധകൊടുത്തു നന്നായ്‌
കൂടും സുഖം തൃപ്തിയുമെന്നുവേണ്ടാ
കാട്ടീടുകില്ലീര്‍ഷ ജനങ്ങളൊന്നും

ചിതറിയ സംഭാഷണങ്ങള്‍

പറഞ്ഞാലൊടുങ്ങാത്ത കാര്യങ്ങള്‍ ചൊല്ലി
മനുഷ്യന്‍ വൃഥാ തന്റെ കാലം കഴിപ്പൂ
അതില്‍നിന്നുമെത്രയ്ക്കുലാഭം ലഭിയ്ക്കുന്ന-
തിന്‍ കാര്യമാരും നിരൂപിയ്ക്കയില്ലാ

ഗുണം തീരെയില്ലാത്ത ഭാഷ്യങ്ങളല്ലേ
കണക്കില്‍ കവിഞ്ഞിന്നുരയ്ക്കുന്നു കഷ്ടം
വിഷംപോലെയുള്ളില്‍പ്പതിച്ചാലസഹ്യ-
പ്പെടുത്തും തരം വാക്യമോതായ്ക നല്ലൂ

കുശുമ്പും കുനുഷ്ടും നിറഞ്ഞുള്ളതാകില്‍
കുശാലം ചിലര്‍ക്കങ്ങു കേള്‍ക്കുന്നതിഷ്ടം
തരം കിട്ടിടുന്നോരു നേരത്തിലെല്ലാം
തരം താണ വൃത്താന്തമോതാന്‍ തിടുക്കം.

കഥിയ്ക്കുന്ന കാര്യത്തിലില്ലാ മഹത്വം!
പിഴയ്ക്കുതെപ്പോഴിതാരാനുമോര്‍ത്തോ?
പരന്‍ കേട്ടു തെറ്റിദ്ധരിച്ചോരു കാര്യം
വിളമ്പുന്നൊരല്‍പ്പം പൊലിപ്പിച്ചു തന്നെ.

ചിലര്‍ക്കേറുമേറെ പ്രിയം തന്റെയായി-
പ്പെരുപ്പിച്ചു ചൊല്ലാന്‍ പരന്‍ ചൊന്ന കാര്യം
സ്ഥിരം ഭള്ളുചൊല്ലുന്ന കൂട്ടര്‍ക്കിതൊക്കെ
വെറും വാക്പ്രയോഗത്തിനുള്ളോരുപായം

മഹാത്മാക്കളായുള്ളവര്‍ ചൊല്‍വതെല്ലാം
മഹത്വങ്ങളേറു കാര്യങ്ങള്‍ മാത്രം
വെറും മര്‍ത്ത്യരായുള്ള നമ്മള്‍ക്കിതെല്ലാം
വെറുംവാക്കുതന്നേയതില്‍ കാമ്പു കാണാ

പിഴപ്പാതിരിപ്പാനുപായങ്ങളേറെ
പണിപ്പാടുകൂടാതെയോതിത്തരാം കേള്
‍അനാവശ്യമായിട്ടു കാര്യം വിളമ്പാ-
തിരിക്കില്‍ സുഖം, തെറ്റു പറ്റീടുകില്ല