Wednesday, April 9, 2008

ചിതറിയ സംഭാഷണങ്ങള്‍

പറഞ്ഞാലൊടുങ്ങാത്ത കാര്യങ്ങള്‍ ചൊല്ലി
മനുഷ്യന്‍ വൃഥാ തന്റെ കാലം കഴിപ്പൂ
അതില്‍നിന്നുമെത്രയ്ക്കുലാഭം ലഭിയ്ക്കുന്ന-
തിന്‍ കാര്യമാരും നിരൂപിയ്ക്കയില്ലാ

ഗുണം തീരെയില്ലാത്ത ഭാഷ്യങ്ങളല്ലേ
കണക്കില്‍ കവിഞ്ഞിന്നുരയ്ക്കുന്നു കഷ്ടം
വിഷംപോലെയുള്ളില്‍പ്പതിച്ചാലസഹ്യ-
പ്പെടുത്തും തരം വാക്യമോതായ്ക നല്ലൂ

കുശുമ്പും കുനുഷ്ടും നിറഞ്ഞുള്ളതാകില്‍
കുശാലം ചിലര്‍ക്കങ്ങു കേള്‍ക്കുന്നതിഷ്ടം
തരം കിട്ടിടുന്നോരു നേരത്തിലെല്ലാം
തരം താണ വൃത്താന്തമോതാന്‍ തിടുക്കം.

കഥിയ്ക്കുന്ന കാര്യത്തിലില്ലാ മഹത്വം!
പിഴയ്ക്കുതെപ്പോഴിതാരാനുമോര്‍ത്തോ?
പരന്‍ കേട്ടു തെറ്റിദ്ധരിച്ചോരു കാര്യം
വിളമ്പുന്നൊരല്‍പ്പം പൊലിപ്പിച്ചു തന്നെ.

ചിലര്‍ക്കേറുമേറെ പ്രിയം തന്റെയായി-
പ്പെരുപ്പിച്ചു ചൊല്ലാന്‍ പരന്‍ ചൊന്ന കാര്യം
സ്ഥിരം ഭള്ളുചൊല്ലുന്ന കൂട്ടര്‍ക്കിതൊക്കെ
വെറും വാക്പ്രയോഗത്തിനുള്ളോരുപായം

മഹാത്മാക്കളായുള്ളവര്‍ ചൊല്‍വതെല്ലാം
മഹത്വങ്ങളേറു കാര്യങ്ങള്‍ മാത്രം
വെറും മര്‍ത്ത്യരായുള്ള നമ്മള്‍ക്കിതെല്ലാം
വെറുംവാക്കുതന്നേയതില്‍ കാമ്പു കാണാ

പിഴപ്പാതിരിപ്പാനുപായങ്ങളേറെ
പണിപ്പാടുകൂടാതെയോതിത്തരാം കേള്
‍അനാവശ്യമായിട്ടു കാര്യം വിളമ്പാ-
തിരിക്കില്‍ സുഖം, തെറ്റു പറ്റീടുകില്ല

2 comments:

kariannur said...

നാക്കടക്കിയാല്‍ ഇന്ദ്രിയങ്ങളും
നില്‍ക്കുമങ്ങു നിലവിട്ടിടാതയേ
വാക്കടക്കയാല്‍ നല്ലതാം വരി
ശ്ലോകമായ് ചിലതു മന്ത്രമായിടും

വൈദികന്‍റെ കവിതയ്ക്കു മന്ത്രമായ്
ഹാര്‍ദ്ദമാകുമൊരു ബന്ധമുള്ളതായ്
മന്ദമന്ദമതിരുന്നു നോക്കുകില്‍
മന്ദബുധിയിലുമൊന്നു തോന്നിടും

Devadas said...

അലങ്കാരമാകുന്നു പദ്യങളേറ്റം
പുലര്‍ച്ചക്കു തൂകുന്ന മഞില്‍കണം‌പോല്‍
മലര്‍വാടിതന്നില്‍ പിറക്കട്ടെ നിത്യം
അലര്‍പോലെയുള്ളോരു കാവ്യങളെന്നും

- അമ്പായി ദേവന്‍