Tuesday, July 15, 2008

കണ്ണാ - ഗുരുവായൂരപ്പാ

പാരിന്റെ ദുഃഖം കളയുവാനായിട്ടു
പാരിലവതരിച്ചോരു കണ്ണന്
‍ഗോകുലബാലനായ്‌ നന്ദസുതനായി
ഗോക്കളെമേച്ചു നടന്ന കണ്ണന്‍
ക്രൂരനാം കംസന്റെ ഭൃത്യര്‍ക്കുമോക്ഷവും
പാരാതെനല്‍കിക്കനിഞ്ഞ കണ്ണന്
‍കാളിന്ദിതന്നില്‍ വസിച്ചോരു ഘോരനാം
കാളിയ ദര്‍പ്പം കളഞ്ഞ കണ്ണന്
‍വെണ്ണയും പാലും കവര്‍ന്നു ഭുജിച്ചിട്ടൊ-
രുണ്ണികള്‍ക്കൊപ്പം കളിച്ച കണ്ണന്
‍വെണ്ണലഭിയ്ക്കുവാന്‍ കൊഞ്ചിക്കുഴഞ്ഞിടും
കണ്ണിനു കണ്ണായൊരുണ്ണിക്കണ്ണന്
‍രാധയും ഗോപികമാരുമൊരുമിച്ച്‌
മോദമായ്‌ ക്രീഡകള്‍ ചെയ്ത കണ്ണന്
‍താതനും മാതാവുമാഗ്രഹിച്ചപ്പൊഴാ-
പ്പുത്രരെ കാട്ടിക്കൊടുത്ത കണ്ണന്‍
രുഗ്മിണിസത്യഭാമാദിയായുള്ളൊരു
മുഗ്ധാനനമാരെ വേട്ട കണ്ണന്
‍വീരനാം പാര്‍ത്ഥനു യുദ്ധം ജയിയ്ക്കുവാന്
‍തേരാളിയായിട്ടു നിന്ന കണ്ണന്
‍ഭക്തരിലുത്തമന്‍ പൂന്താനവിപ്രനു
മുക്തികൊടുത്തുകനിഞ്ഞ കണ്ണന്
‍വാതരോഗത്തിന്നൊരൗഷധം നല്‍കിയ
വാതാലയേശ്വരനായ കണ്ണന്
‍എന്നും മനതാരിലോടിക്കളിയ്ക്കുന്ന
പന്നഗശായിയാമെന്റെ കണ്ണന്
‍ദണ്ണങ്ങളൊക്കെയകറ്റികൃപാരസം
കണ്ണാ! കനിഞ്ഞെന്നിലേകിടേണം
തീരാത്തദുഃഖത്തിലാണ്ടിടുമെന്നെനീ
കാരുണ്യമേകിയനുഗ്രഹിയ്ക്കു.

നാരായണ നാരായണ നാരായണ

No comments: