കഴിഞ്ഞകാലമൊക്കെയും ഭവല്‍പ്രസാദമൊന്നിനായ്
കഴിച്ചുകൂട്ടിയമ്പലത്തിലേറെനാള്‍ ഭജിച്ചു ഞാന്‍
മുഴുത്തൊരീ വ്യധയ്ക്കു നല്ലൊരൗഷധങ്ങളേകി നേര്‍-
വഴിയ്ക്കു നീ നയിയ്ക്കണേ മടിച്ചിടാതെ മാധവ
ഭക്തര്‍ക്കാനന്ദമേകും ഗുരുപവനപുരേശന്റെ പാദാരവിന്ദം ഭക്ത്യാ നിത്യം നമിപ്പൂ ദുരിതമഖിലവും തീര്‍ക്കുകെന്‍ ഭക്തദാസാ ഒട്ടേറെച്ചെയ്തുപോയോരടിയനുടെ സമസ്താപരാധം പൊറുത്തി- ട്ടെപ്പോഴും കാത്തിടേണം കഴലിണ സതതം കൂപ്പിടുന്നേന്‍ മുരാരേ
ഇന്ദ്രനീലനിറമൊത്ത മേനിയും സുന്ദരോത്തരമുഖാരവിന്ദവും കണ്‍കുളിര്‍ക്കെയടിയന്നു നിത്യവും കാണ്മതിന്നുവരമേകണേ ഹരേ
ഖേദങ്ങളൊക്കെയുമകറ്റി കൃപാരസം നീ- യേകീടുകെന്‍ നളിനലോചന പത്മനാഭാ ഈ സാധുതന്‍ ഹൃദയമാം നവനീതമിന്നി- ത്തൃപ്പാദപത്മമതില്‍ വച്ചു വണങ്ങിടുന്നേന്‍
No comments:
Post a Comment