Saturday, May 31, 2008

പിഷാരിക്കല്‍ ഭഗവതി

ഭക്ത്യാ പൂജിച്ചു വാണൂ തവപദകമലം ഞാനുമൊട്ടേറെകാലം
കത്തും ദാരിദ്ര്യമെല്ലാം പരിചൊടെയകലാന്‍ കാരണം ദേവിയല്ലോ
ഹൃത്തില്‍ നിന്‍രൂപമെന്നും പതിയണമതിനായ്‌ നല്‍കണം നിന്‍ കടാക്ഷം
നിത്യം ഷാരിക്കലമ്മേ കരുണചൊരിയുവാന്‍ ഓര്‍ത്തിടേണം വിഷാരി

ഭക്ത്യാപൂജിച്ചു ദേവീ തവപദമിവനൊട്ടന്നു വല്ലാതെനീറി-

ക്കത്തുംദാരിദ്ര്യമാറ്റീ ഭവഭയവിഷമാറ്റുന്നതിന്നാരുവേറെ ;
ഉത്തുംഗശ്രീവിലാസപ്രചുരിതതവമന്ദസ്മിതപ്പൂക്കളല്‍പ്പം
നിത്യം പൂക്കട്ടെയെന്നില്‍ കനിയണമതിനെന്‍ ശ്രീപിഷാരിക്കലമ്മേ !!


അമ്മേ ദേവീ തവതിരുമിഴിക്കോണിനാലൊന്നു നോക്കിൽ

ച്ചെമ്മേ തീരും ദുരിതമതിനായ് കൈകൾകൂപ്പുന്നു തായേ
ഇമ്മട്ടെന്നും കരുണചൊരിയൂ കൈവിടാതെന്നിലെന്നും
സമ്മോദം പൂണ്ടരുളുകവരം ശ്രീ പിഷാരിയ്ക്കലമ്മേ


(ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിയ്ക്കുമ്പോള്‍ തൊട്ട് ഒരുപാട് കാലം പൂജ ചെയ്ത ഒരു അമ്പലമാണ് പിഷാരിക്കല്‍ ദേവീക്ഷേത്രം. കാഞ്ചീപുരത്തുനിന്നാണ് ദേവി ഇവിടെ എഴുന്നള്ളി ദര്‍ശനം തരുന്നതെന്നാണ് കേട്ടിരിയ്ക്കുന്നത്. തൃശ്ശൂര്‍ ജില്ലയില്‍ വല്ലച്ചിറ പഞ്ചാ‍യത്തില്‍ കടലാശ്ശേരി എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദുര്‍ഗ്ഗാഭഗവതിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ഊരകം അമ്മതിരുവടിയുടെ ജ്യേഷ്ഠത്തിയാണെന്ന് പറയപ്പെടുന്നു. വിഷഹാരിയാണ് ദേവി. ഇവിടുത്തെ പ്രസാദം (മഞ്ഞള്‍പ്പൊടിയാണ്) തീര്‍ത്ഥവും ചേര്‍ത്ത് സേവിച്ചാല്‍ എല്ലാ വിഷത്തിനും പരിഹാരമാണെന്ന് വിശ്വസിച്ചുപോരുന്നു.)

No comments: