Sunday, June 1, 2008

സമസ്യാപൂരണങ്ങള്‍

കണ്ണന്റെ ലീലകളനേകമെനിയ്ക്കുനിത്യം
കര്‍ണ്ണത്തിലെത്തുവതിനായ്‌ കൃപ ചെയ്തിടേണം
കൈവല്യമാര്‍ന്നു തവ തൃപ്പദമെത്തിടാനായ്‌
കാരുണ്യവാരിധി മുരാന്തക കൈതൊഴുന്നേന്‍

താരുണ്യകാലമതില്‍ നിന്നുടെ നാമമൊന്നും
നേരോടെയോതിടുവതിന്നു കഴിഞ്ഞതില്ല
നേരായമാര്‍ഗ്ഗമതിലൂടെനയിയ്ക്കയെന്നും
കാരുണ്യവാരിധി മുരാന്തക കൈതൊഴുന്നേൻ

ആരുണ്ടിതെന്നഴലകറ്റി സുഖംതരാനാ-
യാരുണ്ട് വേദനശമിപ്പതിനാശ്രയിപ്പാൻ
ഈരേഴുപാരിനുമൊരേയൊരു നാഥനാകും
കാരുണ്യവാരിധി മുരാന്തക കൈതൊഴുന്നേൻ


പാരം തളർന്നു വലയുന്നൊരു നേരമെന്നിൽ
പാരാതെ നിൻ കരുണയാർന്നൊരു നോട്ടമേകൂ
ചോരാത്തഭക്തിയുമെനിയ്ക്കു കനിഞ്ഞുനൽകൂ
കാരുണ്യവാരിധിമുരാന്തക കൈതൊഴുന്നേൻ


ദുഷ്ടരാം ചില മനുഷ്യര്‍ സാധുത-
ന്നിഷ്ടവേഷവുമണിഞ്ഞു വാഴുവോര്‍
കഷ്ടമാണറിക നാട്ടിലിത്തരം
സൃഷ്ടികള്‍ക്കു കുറവില്ല ദൈവമേ

പത്രം തുറന്നാലതിനുള്ളിലുണ്ടാം
നിത്യം നടക്കുന്ന മനുഷ്യഹത്യ
സത്യം പറഞ്ഞാലിവര്‍ ചെയ്തിടുന്നീ-
കൃത്യം തുടര്‍ന്നാല്‍ ഗതിയെന്തു

പിന്നെ കള്ളും കുടിച്ചു വഴിവക്കുകളില്‍ക്കിടക്കും
തല്ലും കുടുംബമതിലുള്ളൊരു ഭാര്യയേയും
വല്ലാത്ത ദോഷമിതു മദ്യമകത്തുചെന്നാല്
തല്ലാണു നല്ലവഴിയെന്നതു തീര്‍ച്ചയല്ലേ

വല്ലാത്ത ശുണ്ഠി, വികടത്തരമേറെയുള്ള
മല്ലാക്ഷി ഗേഹമതിലെന്നുമവന്റെ വാസം
ഇല്ലത്തെ വേളിയെമറന്നു വസിച്ചിടുമ്പോള്‍
തല്ലാണു നല്ല വഴിയെന്നതു തീര്‍ച്ചയല്ലേ?

തകര്‍ന്നുപോയി നന്മയെന്ന വാക്കിനുള്ളൊരര്‍ത്ഥവും
പകുത്തെടുത്തു കൂട്ടരിന്നു നേടിവെച്ചതൊക്കെയും
വികാസമെന്നപേരിലീ മനുഷ്യരെത്രെ മാറിയി-
ന്നകന്നുപോയിടുന്നു മിത്രബന്ധവും സുഖങ്ങളും

പറയുവാനെളുതല്ല വിശേഷമാം
മുറയിലെത്തിയ നല്ല പുലിക്കളി
നിറയെ വീഥിയിലാടിയുമങ്ങനെ
നിറമണിഞ്ഞു നിരന്നു വരുന്നു ഹാ

6 comments:

Madampu Vasudevan said...

ഋഷി താന് എഴുതിയ ശ്ലോകന്കള് വളരെ നന്നായിടുണ്ട് .അഭിനന്ദനങ്ങള്

madampu vasudevan

ഷാജി നായരമ്പലം said...

നാട്ടില്‍ മലയാളത്തെയും അതിണ്റ്റെ പൈതൃകത്തെയും കാണുവാന്‍ കണ്ണില്ലാത്തവര്‍ പെരുകിവരുമ്പോള്‍താങ്കളെപ്പോലുള്ള പ്രവാസികളാണു മലയാളത്തിനു മുതല്‍ക്കൂട്ടായി മാറുന്നത്‌...അഭിനന്ദനങ്ങള്‍.....

Umesh::ഉമേഷ് said...

ഋഷിയുടെ ബ്ലോഗ് ആദ്യമായാണു കാണുന്നതു്. കൊള്ളാം. ശ്ലോകമെഴുതാന്‍ ബ്ലോഗില്‍ ഒരാള്‍ കൂടി.

ആശംസകള്‍!

Kapli said...

ഉമേഷ്,

വളരെ വളരെ നന്ദിയുണ്ട്. ഇങ്ങനെയൊരു സ്ഥിതിയുണ്ടാവാന്‍ കാരണം ഉമേഷിന്റെ അകമഴിഞ്ഞ സഹായങ്ങളാണ്. അതിന് ഒരു വഴികാട്ടി യാഹൂ ഗ്രൂപ്പിലെ നമ്മുടെ അക്ഷരശ്ലോക സദസ്സു തന്നെയെന്നതില്‍ ഒരു സംശയവും ഇല്ല.

Kapli said...

എല്ലാവര്‍ക്കും എന്റെ നന്ദി അറിയിച്ചുകൊള്ളട്ടെ.

sureshthannickelraghavan said...

good work, keep it up......