Wednesday, July 17, 2013

ശാർദ്ദൂലവിക്രീഡിതം

വേറൊന്നില്ല മനസ്സിലിന്നു പറയാം സന്തോഷമാണെപ്പൊഴും
പേരേറുന്ന കവീന്ദ്രർ വാഴുമിവിടെക്കൂടാനെനിയ്ക്കായിപോൽ
ഏറെക്കൌതുകമോടെയീ കവിതകൾ വായിക്കവേയെന്മനം
പോരായെന്നു പറഞ്ഞിടുന്നിനിയുമെൻ പദ്യങ്ങൾ നന്നാക്കണം

സേവിപ്പോർക്കൊരു പുണ്യമായുലകിതിൽ മിന്നിപ്രകാശിച്ചിടും
ദേവീ വാണിമനോഹരീ പദദളം കൂപ്പുന്നു മൂകാംബികേ
കാവ്യങ്ങൾ സുമനോഹരം ബഹുതരം ചൊല്ലും കവിശ്രേഷ്ഠരേ-
യാവിർമ്മോദമനുഗ്രഹിച്ചു തവതൃപ്പാദങ്ങളിൽ ചേർക്കണേ

ഇന്നെൻ കണ്മണി പാടിടുന്നു വെറുതേയീണത്തിലെന്തൊക്കെയോ
വിണ്ണില്‍ മർത്ത്യനു കേൾപ്പതിന്നുശകലം കഷ്ടം സഹിച്ചീടണം
എന്നാലാ സ്വരവീചികൾ മധുരമെന്നെപ്പോഴുമോതുന്നുഞാ-
നില്ലെന്നാകിലെനിയ്ക്കുകിട്ടിടുമതോ കഷ്ടം പറഞ്ഞീടുവാൻ

നിൻ കയ്യിൽ നറുവെണ്ണയും തലയിലെപ്പൊൻപീലിയും കങ്കണം
നിൻ ചുണ്ടിൽ വിരിയുന്ന പുഞ്ചിരി, സുഖം നൽകുന്ന വേണൂരവം
നിൻ പൊൻകിങ്ങിണിനാദവും തരുണിമാർ കാംക്ഷിച്ചിടും മേനിയും
എന്നുണ്ണീ തരികെപ്പൊഴും മതിവരാതുള്ളോരു നിൻ ദർശനം

പാർത്തട്ടിൽ നരനായി വന്നു ജനനം കൊണ്ടോരു കാലം മുതൽ
പേർത്തും കഷ്ടത രോഗമെന്നിവയലട്ടീടുന്നതുണ്ടെങ്കിലും
കർത്തവ്യങ്ങളനേകമുണ്ടു സമയം കണ്ടെത്തണം തീർക്കുവാൻ
ഓർത്തീടട്ടെയതിന്നുമുമ്പു യമനിങ്ങെത്താതിരുന്നാൽ മതി


അറ്റം കെട്ടിയപാശമായ് യമഭടർച്ചെന്നപ്പൊഴാഭൂസുരൻ
പുത്രൻ തന്നെ വിളിച്ചുപേടിയരുതെന്നോതാൻ തുനിഞ്ഞീടവേ
തെറ്റെന്നങ്ങവിടുത്തെ ദൂതരെയയച്ചിട്ടന്നു രക്ഷിച്ചപോൽ
കറ്റക്കാറൊളിവർണ്ണനെന്നുമിവനെക്കാത്തീടുവാനോർക്കണേ

കായാമ്പൂനിറമൊത്തമേനി വിവിധംഹാരങ്ങ,ളാനന്ദമാര്‍ -
ന്നായർപ്പെൺകൊടിമാർ കൊതിയ്ക്കുമധരം മന്ദസ്മിതം സുന്ദരം
ശ്രീയും ഭൂമിവധൂടിയും പരിചരിച്ചീടുന്ന പാദങ്ങളും
മായാതെന്നുടെ മാനസത്തിലലിയാൻ കാരുണ്യമേകൂ ഹരേ


പണ്ടത്തേനിള പുഷ്പമാലകളണിഞ്ഞത്യന്തമുഗ്ധാംഗിയായ്
മണ്ടിപ്പോവതു കണ്ടതോർമ്മയിലുണർത്തീടുന്നു ഹർഷാരവം
ഇന്നേറ്റം കൃശഗാത്രയായവശയായ് നീറുന്നചിത്തത്തൊടേ-
യെന്നോവന്നിടുമന്ത്യമായനിമിഷം കാത്തങ്ങുമേവുന്നിവൾ

1 comment:

DKM said...

നമസ്തേ,

താങ്കളുടെ ശ്ലോകങ്ങൾ വായിച്ചു രസിച്ചു.

എന്റെ വക ചിലത് ഇതാ --

ഗുണദോഷങ്ങൾ പറഞ്ഞാൽ സന്തോഷമാകും

DKM

കൃഷ്ണമുക്തകങ്ങൾ (published in a Bhakti magazine in 2012)


ഡി. കെ. എം. കർത്താ 

കൃഷ്ണജാഗരം 

നേരം ദിവ്യവിഭാതവേള, ഹരി  തൻ നിദ്രാടനം നിർത്തിയാ
നീലക്കൺകൾ തുറന്നു, വീണ്ടുമലസം പൂട്ടീ, മയങ്ങീടുവാൻ;
ദേഹം തെല്ലു തിരിഞ്ഞു, കൈകളരികിൽ തപ്പുന്നു, സ്വപ്നാലസം,
വേണൂസ്പർശം, ഉടൻ സ്മിതോദയം !  ഇതാ ശ്രീകൃഷ്ണ സൂര്യോദയം !!!

കൃഷ്ണാശനം

മേൽപ്പത്തൂരരുളുന്ന ദിവ്യകവിതാക്ഷീരാന്നമല്ലോ ഭുജി-
ച്ചീടുന്നൂ മൃദുഹാസമോടെ ഭഗവാൻ ശ്രീലപ്രഭാതങ്ങളിൽ ;
പൂന്താനം മധുരം കലർത്തിയരുളും പാനപ്പയസ്സാഹരി ---
ച്ചാണാക്കണ്ണൻ ഉറങ്ങിടുന്നതു നിശാകാലത്തു  നാൾതോറുമേ !!!

കൃഷ്ണകേളി

കേളിക്കൂത്തിലുലഞ്ഞഴിഞ്ഞു ചിതറും നീലച്ചുരുൾ കൂന്തലിൻ
സ്വാച്ഛന്ദ്യത്തെയടക്കി നീലമയിലിൻ പീലിക്കിരീടത്തിനാൽ
ചേലിൽപ്പിന്നെയുമമ്മ നീലയഴകിൻ സർവസ്സ്വമായ് മാറ്റവേ,
ആശ്ലേഷത്തെയഴിച്ചു  ചാടിയകലും ലീലാവിലോലാ ! ജയ !!!

കൃഷ്ണതീർത്ഥാടനം

പൂജയ് ക്കായ് മഴ തോരവേ ഹരിയിതാ കേറുന്നു, ഗോപീഗണ --
ത്തോടൊപ്പം തുളസീവനം വിടരുമാ ഗോവർദ്ധനത്തിൽ സ്വയം;
നേരം സന്ധ്യ;  ചെരാതുകൾ തെളിയവേ,   പാടുന്നു തീർത്ഥാടകർ :---
"മേഘത്തിന്നകിടുമ്മവെച്ച കുളിരാം ശൈലക്കിടാവേ  ജയ !



കൃഷ്ണപ്രിയം 

താനേ തന്നെ കൊഴിഞ്ഞ പീലിയിളകും പീഡം;  ദയാഭൂമിയിൽ ---
ത്താനേ വീണു നിറന്ന ഗുഞ്ജമണികൾ കോർത്തുള്ള മാലാവ്രജം;   
താനേ തന്നെ ചുരന്ന പാലുനിറയെപ്പാനം;  വസന്തത്തിലോ 
താനേ വന്നു  ചുഴന്ന ഗോപവനിതാസഖ്യം മുരാരീപ്രിയം !!!


കൃഷ്ണോത്സവം 

നീലം,  കൃഷ്ണ !  ചുരുണ്ട കൂന്തലി;  ലരക്കെട്ടിൽ തുകിൽത്തുണ്ടിലോ,
പീതം; ചുണ്ടിലതീവ ശോണിമ;  ചിരിത്തെല്ലിൽ നിലാവിൻ നിറം; 
മാറിൽ ചേർന്നൊരു  കുന്നിമാലയിലതിശ്യാമാരുണങ്ങൾ; ഭവ ---
ദ്ദേഹത്തിൽ നിറമൊക്കെയൊത്തു കൊടിയേറുന്നുണ്ടു   വർണ്ണോത്സവം !!!  

കൃഷ്ണദർശനം

കാതിൽ സ്നേഹ രഹസ്യമന്ത്രമരുളും രാധാമുഖം; ചുണ്ടിലോ 
നാദത്തിൻ പ്രണവം നുകർന്നു മൃദുവായ്  പാടുന്ന പുല്ലാംകുഴൽ;
പീലിക്കൺകൾ നിറഞ്ഞൊരാ മുടിയിലോ നീലോജ്ജ്വലൽസൌഭഗം;
മാറിൽപ്പൂവനമാല;  കൃഷ്ണഭഗവൻ !  തന്നാലുമീ  ദർശനം   !!!
-------------------------------------------------------------------------------------------
പീഡം =  ശിരോലങ്കാരം;  ഗുഞ്ജാ =  കുന്നിക്കുരു