ചന്തം ചേർന്നുള്ള പാദം, ലഘു, ഗുരു, യതിയും
നോക്കി കാവ്യം രചിയ്ക്കാ-
നെന്നും തീരാത്ത മോഹം
ചിറകുകൾ വിരിയച്ചങ്ങു പാറുന്നു നിത്യം
എന്നാൽ
സന്ദേഹമേറുന്നിവിടെ ഗുരുവരർക്കൊപ്പമിന്നൊന്നിരിയ്ക്കാ-
നൊന്നേ ചൊല്ലുന്നു ഞാനും
പരിഭവമരുതേ തെറ്റുകണ്ടാൽ ക്ഷമിയ്ക്കൂ
നേരെല്ലാം
പോയ്മറഞ്ഞൂയിവിടെയനുദിനം പാപജാലം വളർന്നൂ
ക്രൂരന്മാരായി മാറീ ജനതതി
ദയയിന്നന്യമായ് മാറിടുന്നൂ
തീരാതായ് വ്യാധി, പാതയ്ക്കരികു
മുഴുവനും ചീഞ്ഞമാലിന്യമായീ
വയ്യാജീവിയ്ക്കുവാനായ് ശിവശിവ കലിതൻ കേളിയും രൂക്ഷമായീ
വയ്യാജീവിയ്ക്കുവാനായ് ശിവശിവ കലിതൻ കേളിയും രൂക്ഷമായീ
ശ്രീരാഗം പൂണ്ട
നീലത്തിരുവുടലരയിൽ പീതമാം ചേലയോടും
ശ്രീവാഴും നിന്റെ രൂപം
മുരഹരയരികത്തൊന്നു കാണാൻ കൊതിപ്പൂ
പാവം നിൻ
ദാസനായോരടിയനെയവിടുന്നെപ്പൊഴും കാത്തിടേണം
ദേവാ കാരുണ്യമൂർത്തേ
ഗുരുപവനപുരാധീശ്വരാ കൂപ്പിടുന്നേൻ
പാരിൽ പാപങ്ങളേറീ
പലവിധചതിയാലേറെ നട്ടം തിരിഞ്ഞൂ
മാറാരോഗങ്ങളായീയിവിടെയനുദിനം
ചീഞ്ഞമാലിന്യമേറീ
പാരം പോരും പെരുത്തൂ
ഭരണമൊരുമഹാനാടകം മാത്രമായീ
കാര്യം കഷ്ടത്തിലായീ
ജനമിവിടെവെറും ഗർദ്ദഭം പോലെയായീ
മാറാതേ
രോഗമായിഗ്ഗുരുപവനപുരാധീശനെത്തേടിവന്നൂ
നേരോടേ ഭക്തിപൂർവ്വം
തിരുവടി സവിധേ കാവ്യമാല്യങ്ങൾ വച്ചൂ
പാരാതേ വിപ്രനേകീ കരുണയൊടവിടുന്നായുരാരോഗ്യസൗഖ്യം
പാരീരേഴിന്നുമീശാ
കനിവൊടിവനിലും നല്കണേ നിൻകടാക്ഷം
No comments:
Post a Comment