Saturday, May 31, 2008

ഞെരൂരപ്പന്‍ സഹായം

പരമഗുണദയാബ്ധേ ശ്രീ ഞെരൂരപ്പ നിത്യം
കരുണയരുളുവാനായ്‌ കൂപ്പിടുന്നേന്‍ മുരാരേ
ചരണയുഗളമാണെന്‍ രക്ഷ മറ്റൊന്നുമില്ലാ
തരണമിവനു വേഗാല്‍ തേവരേ മോക്ഷമാർഗ്ഗം

വിനകളൊഴിയുവാനായ്‌ തേങ്ങയൊട്ടേറെയേകാം
മനസി കരുതിടേണം സന്തതം വിഘ്നഹാരീ
വിനയമൊടുതൊഴുന്നേൻ ദോഷമെല്ലാമകറ്റി-
ക്കനിയണമിനിയെന്നും ശ്രീഗണേശാ നമസ്തെ

ഹരിഹരസുതനാകും ധർമ്മ ശാസ്താവിനും ഞാ-
നിരുകരമതു കൂപ്പാം പാപമെല്ലാമൊഴിയ്ക്കാൻ
അരുമൊയൊടു ശിരസ്സിൽ കൈകൾ വെച്ചെന്നുമെന്നും
ശരണവുമതിമോദാല്‍ ബുദ്ധിയും നല്കിടേണം

അഗതികളെ നിതാന്തം സ്നേഹവായ്പാല്‍ കനിഞ്ഞും
ഭഗവതിവിലസുന്നൂ പശ്ചിമേ ദിക്കുനോക്കി
സകലദുരിതജാലം തീർക്കുകെന്‍ ഭദ്രകാളീ
വിഗുണഹൃദയരാകും ഞങ്ങളെക്കൈവിടൊല്ലേ

എന്റെ ഇല്ലത്തിനടുത്തുള്ള ഞെരൂക്കാവ് അമ്പലത്തിലെ മൂര്‍ത്തികളെക്കുറിച്ചാണ് ഇത്. പ്രധാന പ്രതിഷ്ഠ വിഷ്ണുവാണ്. ശാസ്താവ്, ഗണപതി, ഭദ്രകാളി എന്നീ ഉപപ്രതിഷ്ഠകളും ഉണ്ട്. ഭദ്രകാളിയുടെ പ്രതിഷ്ഠ തെക്കെ ചുറ്റമ്പലത്തിന്റെ പടിഞ്ഞാറുവശത്ത്, പടിഞ്ഞാട്ട് ദര്‍ശനമായിട്ടാണ്.

വണ്ടീ വണ്ടീ

ആള്‍ട്ടോ സ്കോര്‍പ്പിയൊ വെര്‍ണ ഹോണ്ട വലുതാം ക്വാളീസുമൊക്ടാവിയ
പുണ്ടോ സ്വിഫ്റ്റു കൊറോള മാരുതി സുമോ ഇന്‍ഡിക്കയിന്‍ഡീഗൊയും
ഒട്ടേറെശ്ശകടങ്ങള്‍ കേരളമതില്‍ കാണുന്നതുണ്ടെങ്കിലും
കിട്ടില്ലമ്പസിഡര്‍ക്കു തുല്യസുഖവും കുണ്ടുള്ളൊരിപ്പാതയില്‍

സാമ്പാര്‍

പരിപ്പു വേവിച്ചതില്‍ വെണ്ട മത്തന്‍
അരിഞ്ഞതും തെല്ലു പുളിഞ്ഞയുപ്പും
അരപ്പു ചേര്‍ത്തിട്ടു തിളച്ചശേഷം
വറുത്തുമിട്ടാല്‍ റഡിയായി സാമ്പാര്‍

മ്യാന്മാറിലെ ദുരന്തം

പണ്ടത്തെ ബര്‍മ്മ കരയുന്നു നടുക്കമോടെ
ഉണ്ടായി നഷ്ടമതു നര്‍ഗ്ഗിസുമൂലമത്രെ
പണ്ടാസ്സുനാമിയിതുപോലൊരു നൃത്തമാടി-
ട്ടുണ്ടാക്കിവെച്ചുകദനങ്ങളിതേവിധത്തില്‍

ശ്രീ കൃഷ്ണാ ശരണം

കഴിഞ്ഞകാലമൊക്കെയും ഭവല്‍പ്രസാദമൊന്നിനായ്‌ 

കഴിച്ചുകൂട്ടിയമ്പലത്തിലേറെനാള്‍ ഭജിച്ചു ഞാന്‍ 

മുഴുത്തൊരീ വ്യധയ്ക്കു നല്ലൊരൗഷധങ്ങളേകി നേര്‍- 

വഴിയ്ക്കു നീ നയിയ്ക്കണേ മടിച്ചിടാതെ മാധവ 

ഭക്തര്‍ക്കാനന്ദമേകും ഗുരുപവനപുരേശന്റെ പാദാരവിന്ദം ഭക്ത്യാ നിത്യം നമിപ്പൂ ദുരിതമഖിലവും തീര്‍ക്കുകെന്‍ ഭക്തദാസാ ഒട്ടേറെച്ചെയ്തുപോയോരടിയനുടെ സമസ്താപരാധം പൊറുത്തി- ട്ടെപ്പോഴും കാത്തിടേണം കഴലിണ സതതം കൂപ്പിടുന്നേന്‍ മുരാരേ 

ഇന്ദ്രനീലനിറമൊത്ത മേനിയും സുന്ദരോത്തരമുഖാരവിന്ദവും കണ്‍കുളിര്‍ക്കെയടിയന്നു നിത്യവും കാണ്മതിന്നുവരമേകണേ ഹരേ

 ഖേദങ്ങളൊക്കെയുമകറ്റി കൃപാരസം നീ- യേകീടുകെന്‍ നളിനലോചന പത്മനാഭാ ഈ സാധുതന്‍ ഹൃദയമാം നവനീതമിന്നി- ത്തൃപ്പാദപത്മമതില്‍ വച്ചു വണങ്ങിടുന്നേന്‍

പിഷാരിക്കല്‍ ഭഗവതി

ഭക്ത്യാ പൂജിച്ചു വാണൂ തവപദകമലം ഞാനുമൊട്ടേറെകാലം
കത്തും ദാരിദ്ര്യമെല്ലാം പരിചൊടെയകലാന്‍ കാരണം ദേവിയല്ലോ
ഹൃത്തില്‍ നിന്‍രൂപമെന്നും പതിയണമതിനായ്‌ നല്‍കണം നിന്‍ കടാക്ഷം
നിത്യം ഷാരിക്കലമ്മേ കരുണചൊരിയുവാന്‍ ഓര്‍ത്തിടേണം വിഷാരി

ഭക്ത്യാപൂജിച്ചു ദേവീ തവപദമിവനൊട്ടന്നു വല്ലാതെനീറി-

ക്കത്തുംദാരിദ്ര്യമാറ്റീ ഭവഭയവിഷമാറ്റുന്നതിന്നാരുവേറെ ;
ഉത്തുംഗശ്രീവിലാസപ്രചുരിതതവമന്ദസ്മിതപ്പൂക്കളല്‍പ്പം
നിത്യം പൂക്കട്ടെയെന്നില്‍ കനിയണമതിനെന്‍ ശ്രീപിഷാരിക്കലമ്മേ !!


അമ്മേ ദേവീ തവതിരുമിഴിക്കോണിനാലൊന്നു നോക്കിൽ

ച്ചെമ്മേ തീരും ദുരിതമതിനായ് കൈകൾകൂപ്പുന്നു തായേ
ഇമ്മട്ടെന്നും കരുണചൊരിയൂ കൈവിടാതെന്നിലെന്നും
സമ്മോദം പൂണ്ടരുളുകവരം ശ്രീ പിഷാരിയ്ക്കലമ്മേ


(ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിയ്ക്കുമ്പോള്‍ തൊട്ട് ഒരുപാട് കാലം പൂജ ചെയ്ത ഒരു അമ്പലമാണ് പിഷാരിക്കല്‍ ദേവീക്ഷേത്രം. കാഞ്ചീപുരത്തുനിന്നാണ് ദേവി ഇവിടെ എഴുന്നള്ളി ദര്‍ശനം തരുന്നതെന്നാണ് കേട്ടിരിയ്ക്കുന്നത്. തൃശ്ശൂര്‍ ജില്ലയില്‍ വല്ലച്ചിറ പഞ്ചാ‍യത്തില്‍ കടലാശ്ശേരി എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദുര്‍ഗ്ഗാഭഗവതിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ഊരകം അമ്മതിരുവടിയുടെ ജ്യേഷ്ഠത്തിയാണെന്ന് പറയപ്പെടുന്നു. വിഷഹാരിയാണ് ദേവി. ഇവിടുത്തെ പ്രസാദം (മഞ്ഞള്‍പ്പൊടിയാണ്) തീര്‍ത്ഥവും ചേര്‍ത്ത് സേവിച്ചാല്‍ എല്ലാ വിഷത്തിനും പരിഹാരമാണെന്ന് വിശ്വസിച്ചുപോരുന്നു.)

വടക്കുംനാഥ സര്‍വ്വം നടത്തും നാഥ

ഹരഹര കരുണാബ്ധേ തൃശ്വപേരൂർ വിളങ്ങും
ഗിരിമകള്‍ രമണാ നിന്‍ പാദപദ്മം തൊഴുന്നേൻ
‍ശരണമിവനു നീയേ ശ്രീമഹാദേവ ശംഭോ
തരണമൊടുവില്‍ മോക്ഷം കൈവിടൊല്ലെന്നെ ദേവ

മൂകാംബിക

അമ്മേ കൊല്ലൂര്‍ പിരാട്ടീ തവമുഖകമലം കാണുവാന്‍ സാദ്ധ്യമായി-
ല്ലെന്തേ വൈകിച്ചിടുന്നൂ കരുണയരുളുവാന്‍ കാലമായില്ലയെന്നോ
ഉണ്ടേ മോഹം മനസ്സില്‍ ഒരുകുറിയരികത്തെത്തി വന്ദിച്ചിടാനാ-
യമ്മേ മൂകാംബികേ നീ കനിയണമതിനായ്‌ തൃപ്പദം കുമ്പിടുന്നേന്‍


മൂകാംബിക ക്ഷേത്രത്തില്‍ ഇതുവരെ പോകാന്‍ കഴിഞ്ഞിട്ടില്ല. ദേവീ ദര്‍ശനത്തിന് സമയമായില്ലെന്ന് തോന്നുന്നു.

ശ്രീ ഗണേശായ നമഃ

പ്രാരാബ്ധങ്ങളൊഴിഞ്ഞിടാനൊരുശതം തേങ്ങാ നിവേദിച്ചു ഞാന്
‍നേരോടേത്തമനേകമിട്ടു ഭജനം ചെയ്യുന്നു വിഘ്നേശ്വരാ
ഓരോരോ കദനങ്ങളാലനുദിനം നീറുന്നൊരീയേഴയെ-
ക്കാരുണ്യത്തൊടു വന്നു തുമ്പിതലയില്‍ വെച്ചിട്ടു കാത്തീടണം