Monday, October 19, 2009

ചില നാല്‍ക്കാലികള്‍

വെള്ളേപ്പം ചട്ണി സാമ്പാര്‍ അട വട സുഗിയന്‍ ദോശയും ബോണ്ട പുട്ടും
വെള്ളം വറ്റിച്ചെടുത്തോരെരിപുളിമിതമായുള്ള ചെമ്മീന്റെ കൂട്ടാന്‍
ഇക്കപ്പേം പ്ലേറ്റില്‍ വച്ചിട്ടൊരുവരുമറിയാതെന്റടുത്തെത്തിയോട്ട-
ത്തൃക്കണ്ണിട്ടെന്നെ നോക്കൂ മഹിളമണിവിലാസത്തിലെപ്പെണ്‍കിടാവേ

കാണാമല്പം നടന്നാല്‍ പുഴയുടെയരികേ ഓലയാല്‍ മേഞ്ഞവീടും
കാണാം മുന്നില്‍ പ്രതിഷ്ഠിച്ചൊരു പലകയതില്‍ കള്ളുഷാപ്പെന്നെഴുത്തും
കാണാമുള്ളില്‍ നിറച്ചും കുടിയരുമരികേ മദ്യവും മത്സ്യമാംസം
കാണാം സന്തോഷവാനായ് അവിടെയുടമയാം കോമളന്‍ ബാഹുലേയന്‍

തെറ്റുണ്ടെങ്കില്‍ പൊറുത്തീടുക ഗുരുവരരേ പൂജ്യരാം കൂട്ടുകാരേ
കുറ്റങ്ങൾ ചൊല്ലിടേണം പിഴവുകളിതിലുണ്ടെന്നു തോന്നുന്ന നേരം
പറ്റുംമട്ടില്‍ രചിയ്ക്കാം കവനമതു മഹാദേവനെന്നെത്തുണച്ചി-
ട്ടറ്റംകാണുംവരേയ്ക്കും വിലസുക കരുണാമൂര്‍ത്തിയെന്‍ മാനസത്തില്‍

നില്‍ക്കുന്നുണ്ടിങ്ങടുത്തായ് ചെറിയ കവിതയും ചൊല്ലി ഞാനിന്നുചുറ്റും
നോക്കുന്നാ ദിക്കിലെല്ലാം അതിമധുരമിണങ്ങുന്ന പദ്യങ്ങള്‍ മാത്രം
കോര്‍ക്കുന്നീ പൊന്നുഷസ്സില്‍ പുതുമധുവിതറിക്കൊണ്ടെഴും കാവ്യമാല്യം
വായ്ക്കും മോദത്തൊടേ നിന്‍ തിരുനടയിലണഞ്ഞിന്നു ചാര്‍ത്തുന്നു ദേവീ

ഉള്ളത്തില്‍ശങ്കപൂണ്ടും തിരകളുയരുമീയക്ഷരശ്ലോകമാം വന്‍-
വെള്ളത്തില്‍സഞ്ചരിയ്ക്കാന്‍തുനിയുമിവനതിന്നുള്ള ധൈര്യംപകര്‍ന്നും;
വള്ളത്തിന്‍ പാതയെല്ലാമതിസുഖമെഴുമാറക്കരയ്ക്കെത്തുവാനെ-
ന്നുള്ളത്തില്‍ക്കേളിയാടൂ മഹിതപെരുവനത്തപ്പ ! ഞാന്‍ കൂപ്പിടുന്നേന്‍ !!


ഏവര്‍ക്കും വന്നുചേരാമുരുതരവിഷമം, സങ്കടം വേണ്ട, നീറും-
നോവെല്ലാമാറ്റിടാനായ് ഹരിയുടെ തിരുനാമങ്ങളെന്നും ജപിയ്ക്കൂ
സേവിച്ചീടും ജനത്തെക്കരുണയൊടരികെച്ചെന്നു ദുഃഖങ്ങള്‍ തീര്‍ത്താ-
കൈവല്യക്കാതലാകും സരസിജനയനന്‍ നല്‍കിടും വേണ്ടതെല്ലാം.

3 comments:

ചിതല്‍/chithal said...

കേമം! ഈ കവിതാ സമാഹരമിതിന്‍ സൗന്ദര്യമൊട്ടുണ്ടഹോ!
പ്രേമം, ഭക്ഷണവും അതിന്റെ ഗുരുവായ്‌ കള്ളും വരുന്നൂ ഇതില്‍
ആമോദം വിടരും തരത്തിലവസാനത്തേഷ്ടകം ഇഷ്ടമായ്‌
ഇമ്മട്ടില്‍ ഇനിയും വരട്ടെകുസുമങ്ങള്‍ പേനയില്‍നിന്നുമായ്‌

എന്റെ മറുപടി അത്ര നന്നായില്ല. എന്നാലും കവിത വളരെ ഇഷ്ടമായി. ചന്ദോബദ്ധമായ കവിതകള്‍ പൊതുവേ ഇഷ്ടമാണു്. ഈ കവിത പ്രത്യേകിച്ചു് ഇഷ്ടപ്പെട്ടു ട്ടൊ.

ഇനിയും തുടര്‍ന്നെഴുതണേ.. സര്‍വഭാവുകങ്ങളും.

ചിതല്‍/chithal said...

എന്റെ മറുപടി അത്ര നന്നായില്ല. എന്നാലും കവിത വളരെ ഇഷ്ടമായി. ചന്ദോബദ്ധമായ കവിതകള്‍ പൊതുവേ ഇഷ്ടമാണു്. ഈ കവിത പ്രത്യേകിച്ചു് ഇഷ്ടപ്പെട്ടു ട്ടൊ.

ഇനിയും തുടര്‍ന്നെഴുതണേ.. സര്‍വഭാവുകങ്ങളും.

Kapli said...

നന്നായി എന്ന് കേട്ടതില്‍ സന്തോഷം