Monday, October 19, 2009

ധ്യാനം

അന്നൊരു സായംസന്ധ്യതന്നിലാമുറ്റത്തായി
നിന്നുഞാന്‍ മനസ്സിലെ നീറുന്ന വ്യഥയുമായ്
എന്നരികത്തെത്തിയെന്‍പ്രിയപ്രാണേശ്വരി
പിന്നെയെന്മുഖത്തേയ്ക്കു നോക്കി പുഞ്ചിരിയോടെ

എന്തിനു വൃഥാ കാന്താ മൌനമായിരിയ്ക്കുന്നു
ചിന്തിപ്പതെന്തേയെന്നെന്നോടു ചൊല്ലീടാമോ
ശാന്തമായ് സ്വസ്ഥമായി കണ്ണുകളടച്ചിട്ട്
സന്തതം ദേവീസ്തോത്രമുരുവിട്ടോളു ഹൃത്തില്‍

അന്നൊരുനാളില്‍ കാവ്യദേവത മുറ്റത്തെത്തി
നിന്നപ്പോള്‍ ദേവീസ്തുതി തുണയായ് ഭവിച്ചില്ലേ
നിന്നുടെയടുത്തെത്തി ആനന്ദമേകാനായി
വന്നതു മറന്നുപോയെന്നുണ്ടോ പ്രാണേശ്വരാ

നാവിലും, തൂലികതന്‍ തുമ്പിലും കടലാസ്സില്‍
ഭാവങ്ങള്‍ നിറഞ്ഞതാം ശീലുകളായി മാറാന്‍
 ആവോളമനുഗ്രഹം തന്നിടും ജഗന്മാതാ-
ദേവിയെബ്ഭജിച്ചോളു നിഷ്ഫലമാവില്ലൊന്നും

തുണ നീയേ

അടിമലരിണതന്നേയെപ്പൊഴും ദേവ നിന്റെ
അടിയൊനൊരവലംബം കാണുവാനില്ലയൊന്നും
അറിയരുതിവനൊന്നും മേന്മയൊട്ടേതുമില്ല
അരുളുകശുഭമാര്ഗ്ഗം ദോഷമെല്ലാമകറ്റി

 പരമഗുണദയാബ്ധേ ദേവകീസൂനുകൃഷ്ണാ
പരിചൊടു പരിപാലിച്ചീടുകെല്ലാവരേയും
കരുണയരുളിടേണം നിന്മുഖം നിത്യമെന്റെ-
യെരിയുമിയകതാരില്‍ കാണുവാന്‍ കൈതൊഴുന്നേന്‍

പ്രവാസി

നിറഞ്ഞ സൌഭാഗ്യം ലഭിച്ചിടാനായി
കുറച്ചുകാലമാ പ്രവാസിയായിടാന്‍
നിറഞ്ഞ കണ്ണുകള്‍ തുടച്ചു മെല്ലവെ
ചെറിയ ബാഗുമായ് പടിയിറങ്ങവെ

നരച്ച താടിയും കുഴിഞ്ഞ കണ്ണുമാ-
യരികില്‍ നില്‍ക്കുമാ പ്രിയപിതാവിനെ
നിറഞ്ഞസ്നേഹമോടടുത്തു വന്നെന്റെ
നിറുകയില്‍ മുത്തം തരുന്നൊരമ്മയെ

ഒരിയ്ക്കലെങ്കിലും മനസ്സിലോര്‍ക്കുവാന്‍
പറഞ്ഞിടുന്നതാം പ്രിയസതീര്‍ത്ഥ്യരെ
തിരിഞ്ഞുനോക്കിഞാനകന്നുപോകുമ്പോ-
ളറിഞ്ഞിടാതെന്റെ മനസ്സു നൊന്തുപോയ്

വരണ്ടഭൂമിയിലുയര്‍ന്ന സൌധത്തില്‍
നിറച്ചുമാളുകള്‍ക്കിടയിലായി ഞാന്‍
പരിമിതികള്‍ തന്‍ നടുവിലെപ്പോഴും
പരാതിചൊല്ലുവാന്‍ കഴിഞ്ഞിടാതെയും

ഒരുപറ്റം സ്വാര്ത്ഥമതികള്‍ തന്നാജ്ഞ
പരിഭവമില്ലാതനുസരിച്ചു ഞാന്‍
കരകാണാത്തതാം കടലിനിക്കരെ
കരിഞ്ഞുപോയെന്റെ മധുരസ്വപ്നങ്ങള്‍

അതികഠിനമായ് പണിയെടുത്തിട്ടു
പതിവായിത്തന്നെപ്പണമയച്ചുഞാന്‍
പതിച്ചുനല്‍കിയെന്‍ വിലപ്പെട്ടതെല്ലാം
മതിയാകുന്നില്ല കൊടുത്തതൊന്നുമേ

ഉയര്‍ന്ന സൌധങ്ങള്‍ പടുത്തുയര്‍ത്തിയെന്‍
പ്രിയതമ, മാതാപിതാക്കള്‍, മക്കളും
സുഖിച്ചുവാഴവേയൊരിയ്ക്കലെങ്കിലെന്‍-
മുഖമൊന്നുകാണാന്‍ തിരക്കിയില്ലവര്‍

ഒടുവില്‍ വൃദ്ധനായവശതകളില്‍
പിടഞ്ഞു വേദനയനുഭവിയ്ക്കവെ
തിരിഞ്ഞുനോക്കുവാനൊരുത്തരുമില്ല
പരിഹാസത്തിന്റെ ശരങ്ങള്‍ മാത്രമായ്

പ്രവാസിയായതോ കുടുംബത്തെക്കുറി-
ച്ചവസാനം വരെ മനസ്സിലോര്‍ത്തതോ
ഇവിടെയല്ലലില്‍ കഴിയുമ്പോഴൊന്നും
അവസാനമിതുഗതിയെന്നോര്‍ത്തീലാ.

ഇതെന്റെ മിത്രമാം രവിയുടെ കഥ-
യതുകേട്ടെന്നുടെ മിഴികളീറനായ്
ഇതാണു നമ്മുടെ പ്രവാസികളുടെ
കദനമെങ്കിലെന്‍ വിധിയിതാവുമോ

ഉറച്ചുഞാന്‍ വൃദ്ധസദനത്തിലൊരു
മുറിയെടുത്തിടാനവസാനത്തേയ്ക്കായ്
അറിയുന്നുഞാനുമതുമില്ലെങ്കിലി-
ന്നുറപ്പായി തെണ്ടിത്തിരിയുക ഫലം

ചില നാല്‍ക്കാലികള്‍

വെള്ളേപ്പം ചട്ണി സാമ്പാര്‍ അട വട സുഗിയന്‍ ദോശയും ബോണ്ട പുട്ടും
വെള്ളം വറ്റിച്ചെടുത്തോരെരിപുളിമിതമായുള്ള ചെമ്മീന്റെ കൂട്ടാന്‍
ഇക്കപ്പേം പ്ലേറ്റില്‍ വച്ചിട്ടൊരുവരുമറിയാതെന്റടുത്തെത്തിയോട്ട-
ത്തൃക്കണ്ണിട്ടെന്നെ നോക്കൂ മഹിളമണിവിലാസത്തിലെപ്പെണ്‍കിടാവേ

കാണാമല്പം നടന്നാല്‍ പുഴയുടെയരികേ ഓലയാല്‍ മേഞ്ഞവീടും
കാണാം മുന്നില്‍ പ്രതിഷ്ഠിച്ചൊരു പലകയതില്‍ കള്ളുഷാപ്പെന്നെഴുത്തും
കാണാമുള്ളില്‍ നിറച്ചും കുടിയരുമരികേ മദ്യവും മത്സ്യമാംസം
കാണാം സന്തോഷവാനായ് അവിടെയുടമയാം കോമളന്‍ ബാഹുലേയന്‍

തെറ്റുണ്ടെങ്കില്‍ പൊറുത്തീടുക ഗുരുവരരേ പൂജ്യരാം കൂട്ടുകാരേ
കുറ്റങ്ങൾ ചൊല്ലിടേണം പിഴവുകളിതിലുണ്ടെന്നു തോന്നുന്ന നേരം
പറ്റുംമട്ടില്‍ രചിയ്ക്കാം കവനമതു മഹാദേവനെന്നെത്തുണച്ചി-
ട്ടറ്റംകാണുംവരേയ്ക്കും വിലസുക കരുണാമൂര്‍ത്തിയെന്‍ മാനസത്തില്‍

നില്‍ക്കുന്നുണ്ടിങ്ങടുത്തായ് ചെറിയ കവിതയും ചൊല്ലി ഞാനിന്നുചുറ്റും
നോക്കുന്നാ ദിക്കിലെല്ലാം അതിമധുരമിണങ്ങുന്ന പദ്യങ്ങള്‍ മാത്രം
കോര്‍ക്കുന്നീ പൊന്നുഷസ്സില്‍ പുതുമധുവിതറിക്കൊണ്ടെഴും കാവ്യമാല്യം
വായ്ക്കും മോദത്തൊടേ നിന്‍ തിരുനടയിലണഞ്ഞിന്നു ചാര്‍ത്തുന്നു ദേവീ

ഉള്ളത്തില്‍ശങ്കപൂണ്ടും തിരകളുയരുമീയക്ഷരശ്ലോകമാം വന്‍-
വെള്ളത്തില്‍സഞ്ചരിയ്ക്കാന്‍തുനിയുമിവനതിന്നുള്ള ധൈര്യംപകര്‍ന്നും;
വള്ളത്തിന്‍ പാതയെല്ലാമതിസുഖമെഴുമാറക്കരയ്ക്കെത്തുവാനെ-
ന്നുള്ളത്തില്‍ക്കേളിയാടൂ മഹിതപെരുവനത്തപ്പ ! ഞാന്‍ കൂപ്പിടുന്നേന്‍ !!


ഏവര്‍ക്കും വന്നുചേരാമുരുതരവിഷമം, സങ്കടം വേണ്ട, നീറും-
നോവെല്ലാമാറ്റിടാനായ് ഹരിയുടെ തിരുനാമങ്ങളെന്നും ജപിയ്ക്കൂ
സേവിച്ചീടും ജനത്തെക്കരുണയൊടരികെച്ചെന്നു ദുഃഖങ്ങള്‍ തീര്‍ത്താ-
കൈവല്യക്കാതലാകും സരസിജനയനന്‍ നല്‍കിടും വേണ്ടതെല്ലാം.