Wednesday, June 25, 2008

ഒരു ക്ഷണക്കത്ത്

വെള്ളപൂശിപ്പുതുക്കിയഷാപ്പിലെ-
ക്കള്ളുമോന്തിയ സര്‍വ്വകുടിയരും
ഒത്തുകൂടാനൊരുങ്ങുകയായിതാ
പുത്തനാമൊരുവര്‍ഷപ്പുലരിയില്

‍പണ്ടുകാലത്തു നിത്യമിവിടന്നു
മുണ്ടുമൂടിപ്പുതച്ചുകുടിച്ചവര്
‍വേലചെയ്തുദിനവും കുടിച്ചിട്ടു
കാലമാകാതെ ദേഹം വെടിഞ്ഞവര്

‍അക്കുടിയര്‍തന്‍ പേരിലായ്‌ തീര്‍ത്തതാ-
മിക്കടയുടെയുദ്ഘാടനമതും
അന്നുതന്നെ നടത്തുവാനാവുകില്‍
നന്നിതെന്നുനിനച്ചു ഞാന്‍ കൂട്ടരേ

കുറ്റമേറെയുണ്ടെങ്കിലും പണ്ടത്തെ
പറ്റുകാരനാണെന്ന നിലയിലായ്‌
നിങ്ങള്‍തന്‍ മഹനീയമാം സാന്നിദ്ധ്യ-
മിങ്ങുനല്‍കുവാന്‍ സാദരമോര്‍ക്കണം

ഇല്ലൊരുകുപ്പികള്ളുമോന്തീടുവാന്‍
തെല്ലുപോലും വക ചിലര്‍ക്കെങ്കിലും
വേണ്ടപോലെയവരെസ്സഹായിയ്ക്കാന്‍
കണ്ടു ഞാനീയവസരം നല്ലതായ്‌

പറ്റുതീര്‍ക്കണം പണ്ടത്തെയൊക്കെ കൈ-
പ്പറ്റിടേണം രസീതുകള്‍ കൂട്ടരേ
ഷാപ്പുടമയാം ഗോവിന്ദനെന്ന ഞാന്
‍ഒപ്പുവച്ചിതാശംസകള്‍ നേരുന്നു

യേശുദാസ്

അക്ഷരസ്ഫുടതയോടുകൂടിയും
രാഗതാളലയഭാവമോടെയും
പാട്ടനേകമതുപാടിമേവിടും
യേശുദാസുവിജയിച്ചുവാഴുക

Monday, June 23, 2008

ഈശ്വരോ രക്ഷതു........

വനത്തിനുള്ളിയാവതരിച്ചൊരു
ഹരിഹരപുത്രന്‍ തുണച്ചിടേണമേ
വിരിഞ്ചപത്നിയാം സരസ്വതിദേവി
വസിച്ചിടേണമെന്‍ മനസ്സിലെപ്പൊഴും

വിനകളൊക്കെയുമകറ്റി സദ്ഗതി
കനിഞ്ഞു നല്‍കണേ വിനായക സദാ
ഉമയ്ക്കുനാഥനാം ശിവന്റെ കാലിലായ്‌
നമിച്ചിടുന്നു ഞാന്‍ അഘങ്ങളറ്റിടാന്

ഗുരുപദാംബുജേ നമസ്കരിപ്പു സല്‍-
ക്കരങ്ങളെന്നുടെ തലയില്‍ വയ്ക്കണേ
മരുത്പുരാധീശ കടാക്ഷമേകണേ
മരിയ്ക്കുവോളമെന്‍ മനത്തില്‍ വാഴണേ

മറക്കരുതേ...........

താരങ്ങള്‍ ചന്ദനം ചാര്‍ത്തിയ രാത്രിത-
ന്നാലസ്യമേറ്റു കിടക്കുന്ന വേളയില്
ഞാനൊരു സ്വപ്നരഥത്തില്‍ക്കയറി നിന്‍---
ച്ചാരത്തു വന്നണഞ്ഞെന്നതു കണ്ടുവോ

ദൂരെയാകാശച്ചെരുവില്‍ നിലാവിനാല്
കാന്തിപരത്തുന്ന ചന്ദ്രനെപ്പോലവെ
പുഞ്ചിരിയോടെന്നെ രണ്ടുകൈനീട്ടി നീ-
യെന്നെവരവേല്‍ക്കുമെന്നു നിനച്ചു ഞാന്

കാലത്തെ സാക്ഷിയായ്‌ നമ്മള്‍ പടുത്തൊരു
ബന്ധമാം നല്ല പനിനീര്‍ച്ചെടിയ്ക്കിതാ
നീറും മറവിതന്‍ മാരകമായിടും
പൊട്ടപ്പുഴുക്കുത്തു വീണെന്നു നിശ്ചയം

വീണുകൊഴിയുമാ റോസതന്‍ പൂവിന്റെ
നോവുമായ്‌ നിന്നോടു കെഞ്ചിടുന്നിന്നു ഞാന്
നേരിട്ടു കാണുന്ന വേളയിലൊന്നിലും
തീരെത്തഴയാതെയോര്‍ക്കാന്‍ ശ്രമിയ്ക്കണേ

Saturday, June 21, 2008

ആ കാലം ഇനിയും വരുമോ

സന്ധ്യാസമയത്തു ഭദ്രദീപം തെളി-
ച്ചുച്ചത്തില്‍ നാമ ജപിയ്ക്കുന്ന കുട്ടികള്
ഭക്തിയോടെന്നും കഥ പറയുന്നൊരു
മുത്തശ്ശിയെയും വണങ്ങുന്ന കുട്ടികള്

എന്നുടെ ബാല്യത്തിലുണ്ടായിരുന്നിവ-
യെന്തൊരു ശാന്തതയായിരുന്നാ ദിനം
മുത്തശ്ശി ചൊല്ലും കഥ കേള്‍ക്കുവാനായി
നിത്യവും ചെന്നു മടിയിലിരുന്നു ഞാന്

ഇന്നത്തെ കുട്ടികള്‍, മാതാപിതാക്കളും
സന്ധ്യയ്ക്കു ടീവിതന്‍ മുന്നിലായല്ലയോ
മന്ത്രങ്ങള്‍ കേള്‍ക്കുവാന്‍ കുട്ടികള്‍ക്കിന്നൊരു
ഇന്റര്‍നെറ്റെന്നൊരു സൂത്രം മതിയെഡോ

ശാസ്ത്രം വളര്‍ന്നതു ഹേതുവാണോ ജന-
ക്കൂട്ടത്തിനിന്നു സമയമില്ലാത്തതോ
പണ്ടുനാം കണ്ടതാമാചാരമൊക്കെയും
വീണ്ടുമൊരുകുറി കാണുവാനാകുമോ

Friday, June 20, 2008

ഇന്നത്തെ ചിന്താവിഷയം

മാക്ടാപിളര്‍ന്നു പിരിഞ്ഞുപോയേറെപേര്‍
കൂട്ടായ്മയില്ലാതെയായെന്നു നിശ്ചയം
വേണുതിലകനെന്നുള്ളാമഹാരഥര് 
കാണുന്നു തമ്മില്‍ക്കലഹിച്ചുനില്‍പ്പതും

രാഷ്ട്രീയമാണെങ്കിലേറെക്കടുത്തതായ്‌
കഷ്ടത്തിലായതു പാവം ജനങ്ങളും
ഇഷ്ടത്തിനൊത്തു ഭരിയ്ക്കുന്നു മന്ത്രിമാര്‍
ദുഷ്ടത്തരത്തിന്നറുതിയില്ലാതെയായ്‌

സ്വാമിമാര്‍ ദുര്‍മ്മന്ത്രവാദികള്‍ ദൈവീക-
വേഷം ധരിച്ചുനടപ്പവര്‍ കൂടുതല്
തട്ടിപ്പു ദുഷ്ടത്തരങ്ങളാല്‍ജ്ജീവിതം
കെട്ടിപ്പടുക്കുന്ന കാഴ്ചകാണാം

ഹര്‍ത്താല്‍പ്പണിമുടക്കെന്നിവയായിട്ടു
പേര്‍ത്തും വലഞ്ഞു ജനങ്ങളെന്നും
ആഹാരസാധനമിന്ധനം നാണ്യവും
ഓഹരിയ്ക്കെല്ലാം വിലക്കയറ്റം

എങ്ങിനെയീവിധം മുന്നോട്ടുപോയിടും
മുങ്ങിക്കുളിച്ചുകപടത്തരങ്ങളില്
ഈശ്വരന്‍തന്നുടെ നാടെന്ന പേരിനെ
മോശമാക്കീടിനാന്‍ നാട്ടുകാര്‍, കഷ്ടമായ്‌

Tuesday, June 3, 2008

സ്വയം വിധി

സ്വര്‍ഗ്ഗകവാടത്തിന്‍ മുന്നിലായ്‌ ചെന്ന-
പ്പോളന്തിച്ചു ഞാനന്നു നിന്നുപോയി
ഭംഗികൊണ്ടല്ലതിന്‍ മേന്മകൊണ്ട-
ല്ലതിന്‍ രൂപം നിറമതുകൊണ്ടുമല്ല

കണ്ടു ഞാനാവോളമാളുകള്‍ മുന്നിലായ്‌
നില്‍പതു കണ്ടെന്റെ കണ്ണുതള്ളി
ഗുണ്ടകള്‍, തെണ്ടികള്‍, കള്ളുകുടിയരും
കട്ടവര്‍, നല്ലനുണയരേയും

ഇങ്ങനെയല്ല പ്രതീക്ഷിച്ചിരുന്ന-
തിക്കൂട്ടര്‍ നരകത്തിലാവുമെന്നും
വേദന തിന്നു സഹിയ്ക്കാതെ വന്നവര്
വാവിട്ടു കേഴുന്ന കാഴ്ചയാണ്‌

ശങ്കയാല്‍ ചോദിച്ചു ദൈവത്തിനോടു ഞാ-
നെന്താണിതിന്റെ പൊരുളറിയാന്
ഇത്രയും തെറ്റുകാരെങ്ങിനെ വന്നെത്തി
തെറ്റുപിണഞ്ഞിതോ ദൈവത്തിനും

മൂകരായെന്തേയിരിപ്പിതു സര്‍വ്വരും
ആശ്വാസവാക്കൊന്നുമോതിടാതെ
കുട്ടിപറഞ്ഞവര്‍ ഞെട്ടിയിരിപ്പാണു-
ഒട്ടും പ്രതീക്ഷിച്ചിതില്ല നിന്നെ

Sunday, June 1, 2008

സമസ്യാപൂരണങ്ങള്‍

കണ്ണന്റെ ലീലകളനേകമെനിയ്ക്കുനിത്യം
കര്‍ണ്ണത്തിലെത്തുവതിനായ്‌ കൃപ ചെയ്തിടേണം
കൈവല്യമാര്‍ന്നു തവ തൃപ്പദമെത്തിടാനായ്‌
കാരുണ്യവാരിധി മുരാന്തക കൈതൊഴുന്നേന്‍

താരുണ്യകാലമതില്‍ നിന്നുടെ നാമമൊന്നും
നേരോടെയോതിടുവതിന്നു കഴിഞ്ഞതില്ല
നേരായമാര്‍ഗ്ഗമതിലൂടെനയിയ്ക്കയെന്നും
കാരുണ്യവാരിധി മുരാന്തക കൈതൊഴുന്നേൻ

ആരുണ്ടിതെന്നഴലകറ്റി സുഖംതരാനാ-
യാരുണ്ട് വേദനശമിപ്പതിനാശ്രയിപ്പാൻ
ഈരേഴുപാരിനുമൊരേയൊരു നാഥനാകും
കാരുണ്യവാരിധി മുരാന്തക കൈതൊഴുന്നേൻ


പാരം തളർന്നു വലയുന്നൊരു നേരമെന്നിൽ
പാരാതെ നിൻ കരുണയാർന്നൊരു നോട്ടമേകൂ
ചോരാത്തഭക്തിയുമെനിയ്ക്കു കനിഞ്ഞുനൽകൂ
കാരുണ്യവാരിധിമുരാന്തക കൈതൊഴുന്നേൻ


ദുഷ്ടരാം ചില മനുഷ്യര്‍ സാധുത-
ന്നിഷ്ടവേഷവുമണിഞ്ഞു വാഴുവോര്‍
കഷ്ടമാണറിക നാട്ടിലിത്തരം
സൃഷ്ടികള്‍ക്കു കുറവില്ല ദൈവമേ

പത്രം തുറന്നാലതിനുള്ളിലുണ്ടാം
നിത്യം നടക്കുന്ന മനുഷ്യഹത്യ
സത്യം പറഞ്ഞാലിവര്‍ ചെയ്തിടുന്നീ-
കൃത്യം തുടര്‍ന്നാല്‍ ഗതിയെന്തു

പിന്നെ കള്ളും കുടിച്ചു വഴിവക്കുകളില്‍ക്കിടക്കും
തല്ലും കുടുംബമതിലുള്ളൊരു ഭാര്യയേയും
വല്ലാത്ത ദോഷമിതു മദ്യമകത്തുചെന്നാല്
തല്ലാണു നല്ലവഴിയെന്നതു തീര്‍ച്ചയല്ലേ

വല്ലാത്ത ശുണ്ഠി, വികടത്തരമേറെയുള്ള
മല്ലാക്ഷി ഗേഹമതിലെന്നുമവന്റെ വാസം
ഇല്ലത്തെ വേളിയെമറന്നു വസിച്ചിടുമ്പോള്‍
തല്ലാണു നല്ല വഴിയെന്നതു തീര്‍ച്ചയല്ലേ?

തകര്‍ന്നുപോയി നന്മയെന്ന വാക്കിനുള്ളൊരര്‍ത്ഥവും
പകുത്തെടുത്തു കൂട്ടരിന്നു നേടിവെച്ചതൊക്കെയും
വികാസമെന്നപേരിലീ മനുഷ്യരെത്രെ മാറിയി-
ന്നകന്നുപോയിടുന്നു മിത്രബന്ധവും സുഖങ്ങളും

പറയുവാനെളുതല്ല വിശേഷമാം
മുറയിലെത്തിയ നല്ല പുലിക്കളി
നിറയെ വീഥിയിലാടിയുമങ്ങനെ
നിറമണിഞ്ഞു നിരന്നു വരുന്നു ഹാ