Saturday, April 17, 2010

എന്റെ വിഷു

വിഷു വന്നെത്തിയല്ലോ മേടത്തിൻ പുലരിയിൽ
മധുരസ്വരത്തിലാ പക്ഷികൾ പാടീടുന്നു
കൊന്നകൾ പൂത്തുനിൽക്കും കാലമെത്രയും രമ്യം
ഓർമ്മകൾ വിരിച്ചെത്തീയെന്നുടെ കുട്ടിക്കാലം
കൊന്നപ്പൂ ഫലങ്ങളുമഷ്ടമംഗല്യം പിന്നെ
വെള്ളരി തേങ്ങയെല്ലാമൊരുക്കിയുരുളിയിൽ
പുഞ്ചിരി തൂകീടുന്ന കണ്ണനെയലങ്കരി-
ച്ചൊരുക്കിയമ്മ ഭദ്രദീപവും തെളിയിച്ചു
ഞാനൊരു രാവുകാത്തു കൊതിയായ്‌ കണികാണാ-
നതിലും മോഹമായി കൈനീട്ടം ലഭിയ്ക്കുവാൻ
വിഷുവിൻ തലേനാളിലെത്തുന്നൊരേട്ടൻ തന്ന
പടക്കം പൊട്ടിയ്ക്കുവാനെന്തൊരാഹ്ലാദമെന്നോ
ജീവിതപ്രയാണത്തിൽ മരുഭൂമിയിലെത്തീ-
യെങ്കിലും മനസ്സിലീ‍യോർമ്മകൾ നിറയുന്നു
പാക്കറ്റിൽ ഭദ്രമായിപ്പൊതിഞ്ഞ വിഷുക്കിറ്റും
കുറച്ചുനാണയവും സ്വർണ്ണവും വച്ചീടുന്നു
കണ്ണന്റെ വിഗ്രഹത്തിൻ പകരം കോപ്പി ചെയ്ത
ചിത്രത്തിൻ മുന്നിലായിയിരുന്നു കണികാണാൻ
പ്രക്ഷുബ്ധമാകും മനം ശാന്തമായ്ത്തീർന്നീടട്ടെ
വർഷത്തിൻ പ്രതീക്ഷകൾ സഫലമായീടട്ടെ
ഈ വിഷുപ്പുലരിയിൽ നേരുന്നു നിങ്ങൾക്കെന്നും
കണ്ണന്റെ കൃപയേറേ നിറഞ്ഞ മംഗളങ്ങൾ

1 comment:

Devadas said...

വിഷുവും നന്നായി.