Friday, July 18, 2008

പ്രാര്‍ത്ഥന

ഇന്നുകാണുന്നവസ്ഥയില്‍നിന്നുനാ-
മുന്നതിയിലേയ്ക്കെത്തുവാനായിട്ട്‌
താമസത്തിനുകാരണമീശനെ
നാമമാത്രമായോര്‍ക്കുകമൂലമാം
ദുഃഖമാലസ്യമുല്‍കണ്ഠസൂയവൈ-
രാഗ്യമൊക്കെയുണ്ടെല്ലാമനുജനും
ഇത്തരത്തിലുണ്ടാകും കുറവുകള്
‍മാറ്റിപുണ്യങ്ങളെത്രയും നേടുവാന്
‍പറ്റുമൗഷധമാണിന്നു പ്രാര്‍ത്ഥന
മറ്റുമാര്‍ഗ്ഗങ്ങളിത്രയും നല്‍കിടാ
ജീവിതമതെന്തെന്നാല്‍ പരമമാം
നിര്‍വൃതിയിലേയ്ക്കുള്ള മടക്കമാം
യാത്രവേറൊരു രീതിയിലാക്കുവാന്‍
സാദ്ധ്യമല്ല പ്രപഞ്ചത്തിലൊന്നിനും
ഈശ്വരീയമാമേതു വഴിയിലു-
മാശ്വസിയ്ക്കുവാനുള്ളതു പ്രാര്‍ത്ഥന
ശക്തമാകിയോരര്‍ത്ഥനയിച്ഛതന്‍-
ശക്തിയുമാണു പ്രാര്‍ത്ഥനയ്ക്കര്‍ത്ഥവും
ശാന്തമായിട്ടു ഘട്ടങ്ങളായിട്ടു-
മുന്നതിയിലേയ്ക്കെത്തുവാനേവരും
ശ്രദ്ധയോടെ നടത്തുന്നവിരാമ-
കൃത്യമാകുന്നു പ്രാര്‍ത്ഥനയെന്നത്‌
ദേവനേശുവും കൃഷ്ണനള്ളാഹുവുമാ-
ദിവ്യതയിലേയ്ക്കേവനേയും സദാ
എത്തുവാനായൊരൂര്‍ജ്ജം പകരുന്ന
സത്യമാകിയ സ്രോതസ്സു നിശ്ചയം
നിത്യതയെപ്പുണരുവാന്‍ നിങ്ങളു-
മൊത്തുകൂടുവില്‍ പ്രാര്‍ത്ഥന ചെയ്യുവിന്‍

Tuesday, July 15, 2008

ദൈവനിശ്ചയം

നോവായിരുന്നുപലനാളിലുമെങ്കിലും ഭ്രാ-
താവിന്റെ ജീവനെ കുറച്ചു പിടിച്ചു നിര്‍ത്താന്
‍ആവുന്നപോംവഴികളൊക്കെ തിരഞ്ഞുനോക്കി
ദൈവം മറിച്ചു കരുതീ നരനെന്തു ചെയ്യാന്‍

അകാലത്തില്‍ ഞങ്ങളെയൊക്കെ വിട്ടുപോയ എന്റെ പ്രിയപ്പെട്ട ജ്യേഷ്ഠന് ഈ ശ്ലോകം സമര്‍പ്പിയ്ക്കുന്നു.

കണ്ണാ - ഗുരുവായൂരപ്പാ

പാരിന്റെ ദുഃഖം കളയുവാനായിട്ടു
പാരിലവതരിച്ചോരു കണ്ണന്
‍ഗോകുലബാലനായ്‌ നന്ദസുതനായി
ഗോക്കളെമേച്ചു നടന്ന കണ്ണന്‍
ക്രൂരനാം കംസന്റെ ഭൃത്യര്‍ക്കുമോക്ഷവും
പാരാതെനല്‍കിക്കനിഞ്ഞ കണ്ണന്
‍കാളിന്ദിതന്നില്‍ വസിച്ചോരു ഘോരനാം
കാളിയ ദര്‍പ്പം കളഞ്ഞ കണ്ണന്
‍വെണ്ണയും പാലും കവര്‍ന്നു ഭുജിച്ചിട്ടൊ-
രുണ്ണികള്‍ക്കൊപ്പം കളിച്ച കണ്ണന്
‍വെണ്ണലഭിയ്ക്കുവാന്‍ കൊഞ്ചിക്കുഴഞ്ഞിടും
കണ്ണിനു കണ്ണായൊരുണ്ണിക്കണ്ണന്
‍രാധയും ഗോപികമാരുമൊരുമിച്ച്‌
മോദമായ്‌ ക്രീഡകള്‍ ചെയ്ത കണ്ണന്
‍താതനും മാതാവുമാഗ്രഹിച്ചപ്പൊഴാ-
പ്പുത്രരെ കാട്ടിക്കൊടുത്ത കണ്ണന്‍
രുഗ്മിണിസത്യഭാമാദിയായുള്ളൊരു
മുഗ്ധാനനമാരെ വേട്ട കണ്ണന്
‍വീരനാം പാര്‍ത്ഥനു യുദ്ധം ജയിയ്ക്കുവാന്
‍തേരാളിയായിട്ടു നിന്ന കണ്ണന്
‍ഭക്തരിലുത്തമന്‍ പൂന്താനവിപ്രനു
മുക്തികൊടുത്തുകനിഞ്ഞ കണ്ണന്
‍വാതരോഗത്തിന്നൊരൗഷധം നല്‍കിയ
വാതാലയേശ്വരനായ കണ്ണന്
‍എന്നും മനതാരിലോടിക്കളിയ്ക്കുന്ന
പന്നഗശായിയാമെന്റെ കണ്ണന്
‍ദണ്ണങ്ങളൊക്കെയകറ്റികൃപാരസം
കണ്ണാ! കനിഞ്ഞെന്നിലേകിടേണം
തീരാത്തദുഃഖത്തിലാണ്ടിടുമെന്നെനീ
കാരുണ്യമേകിയനുഗ്രഹിയ്ക്കു.

നാരായണ നാരായണ നാരായണ

Monday, July 14, 2008

മനുഷ്യത്വം

ജീവിതസാഹചര്യങ്ങള്‍തന്‍ ഹേതുവാ-
യേവനുമാഗ്രഹപൂര്‍ത്തിലഭിയ്ക്കുവാന്
‍ആശിച്ചരീതിയില്‍ മുന്നോട്ടുപോയിടാന്‍
ക്ലേശമുണ്ടായിടാമെന്നു ധരിയ്ക്ക നാം

എന്നതുകൊണ്ടുനാമാകെത്തളരാതെ
മുന്നേറുക, താറുമാറാക്കിടാതിനി
ഏതുപ്രതികൂലസാഹചര്യത്തിലും
ഏതിനും നന്നായ്‌ കൊടുക്കണം ശ്രദ്ധയും

ഇങ്ങിനെ വേണ്ടതുപോലെച്ചരിയ്ക്കുകില്
‍മങ്ങാതെയന്തസ്സു മാന്യതയെന്നിവ
നഷ്ടം വരുത്താതെ നമ്മുടെ ജീവിതം
കഷ്ടപ്പെടാതെപ്പടുത്തുയര്‍ത്താം ദൃഢം

മാനവരേതുനിലയിലാണെങ്കിലും
മാന്യരായ്‌ കാണുവാനോര്‍ക്കണമേവരും
അങ്ങിനെച്ചെയ്യുകില്‍ നാമറിയാതെയായ്‌
തിങ്ങും മനുഷ്യത്വമുള്ളിലെല്ലായ്പ്പൊഴും

അംഗീകരിയ്ക്കണമാദരിച്ചീടണം
ഭംഗിവാക്കല്ലാതെ നന്മയുള്‍ക്കൊള്ളണം
ഈവിധമായി പ്രവര്‍ത്തനം ചെയ്യണം
നോവാതെകണ്ടുനന്നായ്പ്പെരുമാറണം