Wednesday, July 17, 2013

മഞ്ജുഭാഷിണി

അറിയാതെയോതിയതു മാനസത്തിലാ-
യൊരുപാടുവേദനനിറച്ചുവോ സഖീ
അരുതേയതോർത്തു മിഴിനീരൊഴുക്കിടാ-
തൊരുനല്ലവാക്കുപറയൂ ക്ഷമിച്ചതായ്

എരിയുന്നൊരീ മണൽപ്പരപ്പിലെന്റെയി-
ക്കരിയുന്ന മോഹമതു കണ്ടതില്ലവൾ
ഒരുമാത്രപോലുമവളോർത്തതില്ലപോൽ
വെറുതേ വിളിച്ചു സമയം കളഞ്ഞു ഞാൻ

ഒരുനേരമെന്റെയരികത്തുവന്നു നിൻ-
കരുണാമൃതം ചൊരിയുകെന്നിലംബികേ
തൊഴുകയ്യുമായടിയിലെത്തിടുമ്പൊഴെ-
ന്നഴലാകെ നീക്കി കനിയേണമേ സദാ

ഇതളായ് പൊഴിഞ്ഞു മമ ബാല്യകാലമെൻ-
മിഴിയിൽത്തുളുമ്പി നനവാർന്നൊരോർമ്മകൾ
വിടചൊല്ലി മാഞ്ഞൊരു വസന്തകാലവും
തിരികേ വരില്ലയിനിയെന്നറിഞ്ഞുഞാൻ

പുഷ്പിതാഗ്ര

തടയുവതിനിനാരുമില്ലയിപ്പോ-
ഴടിപിടിയാണൊരുകക്ഷിഭേദമെന്യേ
ഭരണവുമൊരുകുത്തഴിഞ്ഞമട്ടാ-
ണിവിടെപണത്തിനുമാത്രമൊത്തുചേരും

ഒരുപിടിയവിലും കരത്തിലേന്തീ-
ട്ടൊരുദിനമെത്തിയവിപ്രനങ്ങുമോദാൽ
വരമരുളിയപോലെയിദ്ദ്വിജന്നും
കരുണയൊടേകണമേ പ്രസാദമെന്നും

വെറുമൊരുകടലാസുപൂവുപോലെ-
ച്ചിലകവിതാരചനയ്ക്കു ഗന്ധമില്ല
കവനരചനവൃത്തബദ്ധമായാ-
ലതിസുഖമേകിടുമെന്നുതോന്നിടുന്നു


പരിചൊടു ചരണാംബുജം നമിയ്ക്കെ-
പ്പെരുകിന താപമതൊക്കെ തീർത്തിടുന്നൂ
സുരര്‍ സപദി വണങ്ങിടുന്ന പാദം
ശരണമെനിക്കിനി ചേർപ്പിൽ വാഴുമമ്മേ


പരമപുരുഷനായനിന്നെ നിത്യം
പരിചൊടു വന്നുവണങ്ങിടുന്നനേരം
കരുണയൊടൊരുനല്ല ദർശനത്തെ-
ത്തരികനിരന്തരഭക്തിയും മുരാരേ


മധുരിതമൊരുഗാനമന്നുകേൾക്കേ-
യതിലെഴുമാരസമാസ്വദിച്ചിരിക്കേ
മതിമതിയിനിയെന്നു ചൊല്ലിവേഗം
മധുമൊഴിനീയകലേയ്ക്കുപോയതെന്തേ

സ്രഗ്ദ്ധര

ചന്തം ചേർന്നുള്ള പാദം, ലഘു, ഗുരു, യതിയും നോക്കി കാവ്യം രചിയ്ക്കാ-
നെന്നും തീരാത്ത മോഹം ചിറകുകൾ വിരിയച്ചങ്ങു പാറുന്നു നിത്യം
എന്നാൽ സന്ദേഹമേറുന്നിവിടെ ഗുരുവരർക്കൊപ്പമിന്നൊന്നിരിയ്ക്കാ-
നൊന്നേ ചൊല്ലുന്നു ഞാനും പരിഭവമരുതേ തെറ്റുകണ്ടാൽ ക്ഷമിയ്ക്കൂ

നേരെല്ലാം പോയ്മറഞ്ഞൂയിവിടെയനുദിനം പാപജാലം വളർന്നൂ
ക്രൂരന്മാരായി മാറീ ജനതതി ദയയിന്നന്യമായ് മാറിടുന്നൂ
തീരാതായ് വ്യാധി, പാതയ്ക്കരികു മുഴുവനും ചീഞ്ഞമാലിന്യമായീ
വയ്യാജീവിയ്ക്കുവാനായ് ശിവശിവ കലിതൻ കേളിയും രൂക്ഷമായീ

ശ്രീരാഗം പൂണ്ട നീലത്തിരുവുടലരയിൽ പീതമാം ചേലയോടും
ശ്രീവാഴും നിന്റെ രൂപം മുരഹരയരികത്തൊന്നു കാണാൻ കൊതിപ്പൂ
പാവം നിൻ ദാസനായോരടിയനെയവിടുന്നെപ്പൊഴും കാത്തിടേണം
ദേവാ കാരുണ്യമൂർത്തേ ഗുരുപവനപുരാധീശ്വരാ കൂപ്പിടുന്നേൻ

പാരിൽ പാപങ്ങളേറീ പലവിധചതിയാലേറെ നട്ടം തിരിഞ്ഞൂ
മാറാരോഗങ്ങളായീയിവിടെയനുദിനം ചീഞ്ഞമാലിന്യമേറീ
പാരം പോരും പെരുത്തൂ ഭരണമൊരുമഹാനാടകം മാത്രമായീ
കാര്യം കഷ്ടത്തിലായീ ജനമിവിടെവെറും ഗർദ്ദഭം പോലെയായീ

മാറാതേ രോഗമായിഗ്ഗുരുപവനപുരാധീശനെത്തേടിവന്നൂ
നേരോടേ ഭക്തിപൂർവ്വം തിരുവടി സവിധേ കാവ്യമാല്യങ്ങൾ വച്ചൂ
പാരാതേ വിപ്രനേകീ കരുണയൊടവിടുന്നായുരാരോഗ്യസൗഖ്യം
പാരീരേഴിന്നുമീശാ കനിവൊടിവനിലും നല്കണേ നിൻകടാക്ഷം

ശാർദ്ദൂലവിക്രീഡിതം

വേറൊന്നില്ല മനസ്സിലിന്നു പറയാം സന്തോഷമാണെപ്പൊഴും
പേരേറുന്ന കവീന്ദ്രർ വാഴുമിവിടെക്കൂടാനെനിയ്ക്കായിപോൽ
ഏറെക്കൌതുകമോടെയീ കവിതകൾ വായിക്കവേയെന്മനം
പോരായെന്നു പറഞ്ഞിടുന്നിനിയുമെൻ പദ്യങ്ങൾ നന്നാക്കണം

സേവിപ്പോർക്കൊരു പുണ്യമായുലകിതിൽ മിന്നിപ്രകാശിച്ചിടും
ദേവീ വാണിമനോഹരീ പദദളം കൂപ്പുന്നു മൂകാംബികേ
കാവ്യങ്ങൾ സുമനോഹരം ബഹുതരം ചൊല്ലും കവിശ്രേഷ്ഠരേ-
യാവിർമ്മോദമനുഗ്രഹിച്ചു തവതൃപ്പാദങ്ങളിൽ ചേർക്കണേ

ഇന്നെൻ കണ്മണി പാടിടുന്നു വെറുതേയീണത്തിലെന്തൊക്കെയോ
വിണ്ണില്‍ മർത്ത്യനു കേൾപ്പതിന്നുശകലം കഷ്ടം സഹിച്ചീടണം
എന്നാലാ സ്വരവീചികൾ മധുരമെന്നെപ്പോഴുമോതുന്നുഞാ-
നില്ലെന്നാകിലെനിയ്ക്കുകിട്ടിടുമതോ കഷ്ടം പറഞ്ഞീടുവാൻ

നിൻ കയ്യിൽ നറുവെണ്ണയും തലയിലെപ്പൊൻപീലിയും കങ്കണം
നിൻ ചുണ്ടിൽ വിരിയുന്ന പുഞ്ചിരി, സുഖം നൽകുന്ന വേണൂരവം
നിൻ പൊൻകിങ്ങിണിനാദവും തരുണിമാർ കാംക്ഷിച്ചിടും മേനിയും
എന്നുണ്ണീ തരികെപ്പൊഴും മതിവരാതുള്ളോരു നിൻ ദർശനം

പാർത്തട്ടിൽ നരനായി വന്നു ജനനം കൊണ്ടോരു കാലം മുതൽ
പേർത്തും കഷ്ടത രോഗമെന്നിവയലട്ടീടുന്നതുണ്ടെങ്കിലും
കർത്തവ്യങ്ങളനേകമുണ്ടു സമയം കണ്ടെത്തണം തീർക്കുവാൻ
ഓർത്തീടട്ടെയതിന്നുമുമ്പു യമനിങ്ങെത്താതിരുന്നാൽ മതി


അറ്റം കെട്ടിയപാശമായ് യമഭടർച്ചെന്നപ്പൊഴാഭൂസുരൻ
പുത്രൻ തന്നെ വിളിച്ചുപേടിയരുതെന്നോതാൻ തുനിഞ്ഞീടവേ
തെറ്റെന്നങ്ങവിടുത്തെ ദൂതരെയയച്ചിട്ടന്നു രക്ഷിച്ചപോൽ
കറ്റക്കാറൊളിവർണ്ണനെന്നുമിവനെക്കാത്തീടുവാനോർക്കണേ

കായാമ്പൂനിറമൊത്തമേനി വിവിധംഹാരങ്ങ,ളാനന്ദമാര്‍ -
ന്നായർപ്പെൺകൊടിമാർ കൊതിയ്ക്കുമധരം മന്ദസ്മിതം സുന്ദരം
ശ്രീയും ഭൂമിവധൂടിയും പരിചരിച്ചീടുന്ന പാദങ്ങളും
മായാതെന്നുടെ മാനസത്തിലലിയാൻ കാരുണ്യമേകൂ ഹരേ


പണ്ടത്തേനിള പുഷ്പമാലകളണിഞ്ഞത്യന്തമുഗ്ധാംഗിയായ്
മണ്ടിപ്പോവതു കണ്ടതോർമ്മയിലുണർത്തീടുന്നു ഹർഷാരവം
ഇന്നേറ്റം കൃശഗാത്രയായവശയായ് നീറുന്നചിത്തത്തൊടേ-
യെന്നോവന്നിടുമന്ത്യമായനിമിഷം കാത്തങ്ങുമേവുന്നിവൾ

മന്ദാക്രാന്ത

നീയാണെന്നും മനസിനിറയും നാദവും രാഗമെല്ലാം
നീയാണെന്നും വരിയിലുണരും വൃത്തവും താളഭാവം
നീയന്നന്നേ പിരിയുമളവിൽ തന്ന ചേലുള്ള വർണ്ണ-
ഛായച്ചിത്രം മതിയിനിയിവന്നെന്നുമെന്നോമലാളേ

കല്ല്യാണാംഗാ ഗിരിധര ഭവൽപ്പാദപദ്മം ഭജിയ്ക്കാ-
നെല്ലായ്പ്പോഴും കനിയണമതിന്നെപ്പൊഴും കേണിടുന്നൂ
ചൊല്ലീടാമോ ജനനമരണത്തിന്റെ മദ്ധ്യത്തിലുള്ളോ-
ലല്ലൽത്തിങ്ങും സമയമിവനെക്കാത്തുരക്ഷിയ്ക്കുകില്ലേ

ചാരേവന്നാൽ ലളിതമധുരം രാഗമൊന്നാലപിയ്ക്കാം
നീയാടേണം ചടുലമതിനൊത്തിന്നു നൃത്തങ്ങളേറെ
ആമോദത്തോടിരവുമുഴുവൻ പ്രേമരംഗങ്ങളാടാം
മെല്ലേമെല്ലേയരികിലണയൂ ലജ്ജവേണ്ടോമലാളേ

കാണാമേറേ കവിതയെഴുതാൻ ത്രാണിയേറേ നിറഞ്ഞോർ
വേറേയുണ്ടാം മനുജരതുപോൽ നാട്യരംഗേ പ്രഗത്ഭർ
വിദ്യാഭ്യാസം തുടരെയിവിടെപ്പേരെടുത്തോരുമുണ്ടാം
കാണാനാവില്ലിവിടെയിവനെപ്പോലെ മണ്ടൻ ജഗത്തിൽ

മാലിനി

പറവകൾസമമായിപ്പാടിപാറിപ്പറന്നു
പ്രിയതരമൊരു പാട്ടിന്നീണമോടന്നുനമ്മൾ
മയിലുകളതിമോദാലാടിടും മാലിനീ തൻ
തടമണയവെമുല്ലപ്പൂസുഗന്ധം നുകർന്നൂ

സഹജനുമൊരുമിച്ചക്കാനനാന്തേ നടന്നും
വ്രജവധുവസനങ്ങൾ, വെണ്ണപാലും കവർന്നും
മധുരമധുരമാകും വേണുഗാനത്തിനൊപ്പം
സരസനടനമാടും കണ്ണനെക്കൈതൊഴുന്നേൻ

പലവുരുപറയാറുണ്ടെന്നുമെൻ വാമഭാഗം
ചിലരിവിടെരചിയ്ക്കും കാവ്യമോരൊന്നു നോക്കൂ
അതിനുടെയരികത്തെത്തീടുവാൻ നിങ്ങളെക്കൊ-
ണ്ടിതുവരെ കഴിയാഞ്ഞാലെന്തിനിപ്പാഴ്ശ്രമങ്ങൾ

ഇവിടെയിതുകണക്കായ് വേറെകാണില്ലയാത്രാ-
ദുരിതമതുതരുന്നെയ്റിന്ത്യയെക്സ്പ്രസ്സുപോലെ
അനുദിനമിതുപോലെശ്ശല്യമുണ്ടാക്കിടുമ്പോ-
ളതിനൊരുപരിഹാരം വേഗമുണ്ടാക്കിടേണം

വസന്തതിലകം

ചീറ്റുന്ന പാമ്പുകൾ കഴുത്തിലണിഞ്ഞ ദേവാ
ചിറ്റം കവിഞ്ഞൊഴുകിടുന്നുമയോടുകൂടി
ചുറ്റും നിറഞ്ഞ ദുരിതങ്ങളകിറ്റിടാനായ്-
ചെറ്റെന്നു വന്നു കനിയൂ പരമേശ ശംഭോ

പൂങ്കാവനത്തിലതിഭക്തിയൊടെത്തിടുന്നൊ-
രേഴയ്ക്കു നല്ലവരമേകിടുമാർത്തബന്ധു
ശ്രീഭൂതനാഥതവതൃച്ചരണങ്ങളെന്നു-
മാലംബമായിവരണേ ശബരീശ പാഹി

വല്ലാതെവന്നുനിറയുന്നൊരുദുഃഖഭാര-
മില്ലായ്മചെയ്തിടുവതിന്നു കനിഞ്ഞിടേണം
എല്ലാടവും നിറയുമീശ്വര നിൻപദത്തി-
ലെല്ലായ്പ്പൊഴും വിനയമോടെ നമിച്ചിടുന്നേൻ

നീറുന്നൊരെൻമനമതിന്നുകുളിർമയേകാ-
നാരോമലേവരികയെന്നരികത്തുവേഗം
താരങ്ങളുംശശിയുമൊക്കെയുദിച്ചുയർന്നൊ-
രീരാവിലൽപ്പസമയം പ്രണയിച്ചുപാർക്കാം

നന്നായിതേവിധമിവന്റെ മനസ്സിനുള്ളിൽ-
ത്തന്നേയിരുന്നിടുക നല്ലപദങ്ങളായി
മുന്നിൽക്കരങ്ങളുമുയർത്തിനമിച്ചിടുന്നൊ-
രെന്നിൽച്ചൊരിഞ്ഞിടുക വാണി വരപ്രസാദം